Friday, December 11, 2015

ഇന്ത്യയ്‌ക്കു വേണ്ടത്‌ ഭാവിയിലേക്കുള്ള ടീം - സ്‌റ്റീഫന്‍ കോണ്‍സ്‌റ്റന്റൈന്‍









കൊച്ചി: ഭാവിയിലേക്കുള്ള ഒരു ടീമിനെയാണ്‌ ഇന്ത്യ വാര്‍ത്തെടുക്കേണ്ടതെന്ന്‌ ഇന്ത്യന്‍ ഫുട്‌ബോള്‍ പരിശീലകന്‍ സ്റ്റീഫന്‍ കോണ്‍സ്‌റ്റന്റൈന്‍ പറഞ്ഞു. സാഫ്‌ ഫുട്‌ബോള്‍ മത്സരത്തിനുള്ള ഇന്ത്യന്‍ ടീമിന്റെ ക്യാമ്പിലെത്തിയ അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു. സാഫ്‌ ഫുട്‌ബോളിനുള്ള ഇന്ത്യന്‍ ടീമില്‍ യുവാക്കള്‍ക്കാണ്‌ പ്രധാന്യം. പരിചയസമ്പന്നരും ക്യാമ്പിലുണ്ട്‌. അഞ്ചു ദിവസത്തെ ക്യാമ്പു കൊണ്ട്‌ കാര്യമായെന്നും ചെയ്യാനില്ലെങ്കിലും അടുത്ത അഞ്ചോ ആറോ വര്‍ഷം മുന്നില്‍ കണ്ടായിരിക്കണം ടീം തെരഞ്ഞെടുപ്പ്‌ എന്നത്‌ പരിഗണിച്ചിട്ടുണ്ട്‌. ഐഎസ്‌എല്‍ രാജ്യത്തിന്റെ ഫുട്‌ബോള്‍ ഭാവിക്ക്‌ എത്രമാത്രം ഉപകരിക്കുമെന്ന ചോദ്യത്തിന്‌ ഐഎസ്‌എലിനെ കുറിച്ച്‌ തനിക്കൊന്നും പറയാനില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഐഎസ്‌എല്‍, ഐ ലീഗ്‌, വമ്പന്‍ ക്ലബ്ബുകള്‍ ഇതിലൊന്നും കളിക്കുന്നവരെയല്ല തെരഞ്ഞെടുത്തിട്ടുള്ളത്‌, അല്ലെങ്കില്‍ ഇത്തരം മേഖലയില്‍ നിന്നു മാത്രമല്ല തെരഞ്ഞെടുപ്പ്‌ എന്നും പറയാം. എല്ലാ മേഖലയില്‍ നിന്നും ക്യാമ്പിലേക്ക്‌ തെരഞ്ഞെടുപ്പ്‌ നടന്നിട്ടുണ്ട്‌. കാമ്പസില്‍ നിന്നും ആര്‍മിയില്‍ നിന്നും കളിക്കാരെ കണ്ടെത്തിയിട്ടുണ്ട്‌. ബംഗാളിയെന്നോ മലയാളിയെന്നോ ഉള്ള പരിഗണനയും ഇല്ല. പരിശീലന സമയത്ത്‌ അവര്‍ എങ്ങിനെ കളിക്കുന്നു എന്നതു മാത്രമാണ്‌ കാര്യം. കഴിവും അര്‍പ്പണ മനോഭാവവുമാണ്‌ വളര്‍ന്നു വരുന്ന കളിക്കാര്‍ക്ക്‌ വേണ്ടത്‌. ജീവിതത്തിലെ സമ്മര്‍ദ്ദങ്ങളെയെല്ലാം നേരിടുന്നതു പോലെ കളിക്കളത്തിലെ സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാനും കഴിയണം. എങ്കിലേ നല്ല കളിക്കാരനായി തീരൂ. ടീമില്‍ ഒരു പ്രത്യേകതയുമില്ലെങ്കില്‍ എങ്ങിനെ നല്ല ടീമുകളുമായി മത്സരിക്കാന്‍ കഴിയും.
ഭാവിയില്‍ ടീമിനു വേണ്ടി അവര്‍ക്ക്‌ എന്തു ചെയ്യാന്‍ സാധിക്കുമെന്ന കണ്ടെത്തലാണ്‌ പരിശീലകന്റെ ചുമതല. എല്ലാ പ്രായക്കാരേയും ടീമിലേക്ക്‌ പരിഗണിക്കണം. ജര്‍മനി, സ്‌പെയിന്‍. ഇംഗ്ലണ്ട്‌ തുടങ്ങിയ രാജ്യങ്ങള്‍ മികച്ച ടീമുകളെ ഇറക്കുന്നത്‌ അവരുടെ രാജ്യത്തുള്ളവരെ മാത്രം ഉള്‍പ്പെടുത്തിയല്ല. വിദേശികളായ നിരവധി പേര്‍ ഓരോ രാജ്യത്തിനു വേണ്ടിയും കളിക്കുന്നുണ്ട്‌. ഇന്ത്യക്കു വേണ്ടി ഇന്ത്യക്കാര്‍ മാത്രമേ കളിക്കുന്നുള്ളു എന്നതാണ്‌ വ്യത്യാസം.
സാഫ്‌ ടൂര്‍ണമെന്റിലെ ഫേവറിറ്റുകളല്ല ഇന്ത്യ. ആതിഥേയരാണെന്ന ആനുകൂല്യം മാത്രമേ ഉള്ളു. അഫ്‌ഘാനിസ്ഥാനും ശ്രീലങ്കയും നേപ്പാളും നല്ല ടീമുകളാണ്‌. കൂടുതല്‍ രാജ്യാന്തര മത്സരങ്ങളില്‍ പങ്കെടുത്ത്‌ പരിചയമുള്ളവരുമാണ്‌ ഈ രാജ്യങ്ങള്‍. അതുകൊണ്ടു തന്നെ കളി കടുപ്പമായിരിക്കും. പക്ഷേ ടീമിനെ എനിക്ക്‌ വിശ്വാസമാണ്‌. മാത്രമല്ല പുതിയ ദേശീയ ടീമിനെ കണ്ടെത്താനുള്ള അവസരം കൂടിയായിരിക്കും ഇതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ആര്‍മിയില്‍ നിന്നുമെത്തിയ മലയാളി താരം ജയിന്‍ പുഞ്ചക്കാടനും മിസോറാം താരം നിക്കോ മിസോളയും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
40 അംഗ ഇന്ത്യന്‍ ടീം ക്യാമ്പില്‍ 32 പേരാണ്‌ ഇതുവരെ എത്തിയിട്ടുള്ളത്‌. 19 കാരനായ കോളജ്‌ വിദ്യാര്‍ഥി കൗശക്‌ സര്‍ക്കാരാണ്‌ ക്യാമ്പിലെ പ്രായം കുറഞ്ഞ അംഗം. റിനോ ആന്റോ, അനസ്‌ തുടങ്ങിയവരാണ്‌ ക്യാമ്പിലെ മലയാളികള്‍. 23 നാണ്‌ തിരുവനന്തപുരത്ത്‌ സാഫ്‌ ഫുട്‌ബോള്‍ ആരംഭിക്കുന്നത്‌.
ഇംഗ്ലണ്ടുകാരനായ സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍്‌ രണ്ടാം തവണയാണ്‌ ദേശീയ ടീമിന്റെ പരിശീലകനാകുന്നത്‌. 2002-05 കാലഘട്ടത്തില്‍ ടീമിനെ പരിശീലിപ്പിച്ചിരുന്ന കോണ്‍സ്റ്റന്റൈന്‍ ടീമിനെ നിരവധി നേട്ടങ്ങളില്‍ എത്തിക്കുകയും ചെയ്‌തിരുന്നു. വിയറ്റ്‌നാമില്‍ നടന്ന എല്‍ജി കപ്പില്‍ ചാമ്പ്യന്‍മാരായതും ആഫ്രോ ഏഷ്യന്‍ കപ്പില്‍ രണ്ടാം സ്ഥാനക്കാരായതും ഈ കാലഘട്ടത്തിലാണ്‌. കഴിഞ്ഞ ലോകകപ്പ്‌ യോഗ്യതാ മത്സരങ്ങളില്‍ ടീമിനെ പരിശീലിപ്പിച്ചിരുന്നത്‌ കോണ്‍സ്റ്റന്റൈന്‍ ആയിരുന്നു. ഇതേ സമയത്തു തന്നെ ഐഎസ്‌എലിന്റെ പ്രാഥമിക ഘട്ടം നടന്നു വരികയായിരുന്നു. ദേശീയ ടീമിലേക്ക്‌ കളിക്കാരെ വിട്ടു നല്‍കാത്തത്തില്‍ ഐഎസ്‌എല്‍ നടത്തിപ്പുകാരുമായി അദ്ദേഹത്തിന്‌ അഭിപ്രായ ഭിന്നതയുമുണ്ടായിരുന്നു.


ഫോട്ടോ അടിക്കുറിപ്പ്‌.
വാര്‍ത്താ സമ്മേളനത്തില്‍ ഇന്ത്യന്‍ ടീം പരിശീലകന്‍ ,കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ്‌ കെ.എം.ഐ. മേത്തര്‍,മലയാളി താരം ജയിന്‍ പുഞ്ചക്കാടനും മിസോറാം താരം നിക്കോ മിസോള എന്നിവരോടൊപ്പം.

പാലാ സെന്റ്‌ തോമസും അല്‍ഫോന്‍സയും ചാമ്പ്യന്‍മാര്‍


മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി അത്‌ലറ്റിക്‌ മീറ്റ്‌



കൊച്ചി: മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി അത്‌ലറ്റിക്‌ മീറ്റില്‍ പുരുഷ വിഭാഗത്തില്‍ പാലാ സെന്റ്‌ തോമസും വനിതാ വിഭാഗത്തില്‍ പാലാ അല്‍ഫോന്‍സയും കിരീടമണിഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്‍മാരായ എംഎ കോളജ്‌ കോതമംഗലത്തേയും ചങ്ങനാശേരി അസംപ്‌ഷനേയും കീഴടക്കിയാണ്‌ പാലാ കോളജുകള്‍ ചാമ്പ്യന്‍പട്ടമണിഞ്ഞത്‌. കഴിഞ്ഞ വര്‍ഷം എട്ടു പോയിന്റ്‌ വ്യത്യാസത്തില്‍ സെന്റ്‌ തോമസിനെ കീഴടക്കിയ എംഎ കോളജ്‌ തുടര്‍ച്ചയായി നാലാം തവണയാണ്‌ കിരീടവേട്ടക്കെത്തിയത്‌. അഞ്ചു വര്‍ഷം തുടര്‍ച്ചയായി ചാമ്പ്യന്‍മാരായിരുന്ന ചങ്ങനാശേരി അസംപ്‌ഷനെ 16 പോയിന്റുകള്‍ക്കാണ്‌ അല്‍ഫോന്‍സ പിന്തള്ളിയത്‌. എട്ടു സ്വര്‍ണവും ഏഴു വെള്ളിയും ഏഴു വെങ്കലവുമടക്കം 152 പോയിന്റുകളാണ്‌ സെന്റ്‌ തോമസ്‌ നേടിയത്‌. അഞ്ചു സ്വര്‍ണവും 10 വെള്ളിയും ആറു വെങ്കലവും നേടിയ എംഎ കോളജിന്‌ 136 പോയിന്റുണ്ട്‌. മൂന്നാം സ്ഥാനത്തെത്തിയ എസ്‌ബി ചങ്ങനാശേരിക്ക്‌ നാലു സ്വര്‍ണവും രണ്ടു വെള്ളിയും നാലു വെങ്കലവുമടക്കം 74 പോയിന്റാണുള്ളത്‌. സെന്റ്‌ ഡൊമിനിക്‌ കാഞ്ഞിരപ്പള്ളി 47 പോയിന്റും സിഎംഎസ്‌ കോട്ടയം 33 പോയിന്റും സെന്റ്‌ ആല്‍ബര്‍ട്‌സ്‌ എറണാകുളം 16 പോയിന്റും കോലഞ്ചേരി സെന്റ്‌ പീറ്റേഴ്‌സ്‌ 16 പോയിന്റും നേടി.
വനിതാ വിഭാഗത്തില്‍ 200 പോയിന്റുകളോടെയാണ്‌ അല്‍ഫോന്‍സ കിരീടത്തില്‍ മുത്തമിട്ടത്‌. 13 സ്വര്‍ണവും 9 വെള്ളിയും ഏഴു വെങ്കലവും അവര്‍ നേടി.അസംപ്‌ഷന്‍ അഞ്ചു സ്വര്‍ണവും 11 വെള്ളിയും 13 വെങ്കലവും കരസ്ഥമാക്കി. 184 പോയിന്റുകളാണ്‌ അസംപ്‌ഷനു ലഭിച്ചത്‌. കോതമംഗലം എംഎ കോളജിന്‌ 55 പോയിന്റും കോട്ടയം ബിസിഎം കോളജിന്‌ 12 പോയിന്റും ലഭിച്ചു.
അഞ്ച്‌ മീറ്റ്‌ റിക്കാര്‍ഡുകളാണ്‌ ഇക്കുറി തിരുത്തിക്കുറിച്ചത്‌. എല്ലാ റിക്കാര്‍ഡും അവസാന ദിനമായ ഇന്നെയാണ്‌ പിറന്നതെന്ന പ്രത്യേകതയും ഉണ്ട്‌. വനിതാ വിബാഗത്തില്‍ പോള്‍വാള്‍ട്ടില്‍ അല്‍ഫോന്‍സയിലെ സിഞ്‌ജുപ്രകാശ്‌ പുതിയ റിക്കാര്‍ഡ്‌ സൃഷ്ടിച്ചു. 3.40 മീറ്റര്‍ ഉയരമാണ്‌ സിഞ്‌ജു താണ്ടിയത്‌. ഹെപ്‌റ്റത്തലാണില്‍ 4695 പോയിന്റ്‌ നേടിയ അല്‍ഫോന്‍സയിലെ മറീന ജോര്‍ജ്‌ റിക്കാര്‍ഡിട്ടു. 4-100 മീറ്റര്‍ റിലേയില്‍ അസംപ്‌ഷന്‍ കോളജ്‌ 48.03 ന്റെ പുതിയ സമയം കുറിച്ചു. പുരുഷ വിഭാഗത്തില്‍ ട്രിപ്പിള്‍ജംപില്‍ സെന്റ്‌ തോമസിലെ ഉനൈസ്‌ ഷാഹു പത്തു വര്‍ഷം പഴക്കമുള്ള റിക്കാര്‍ഡ്‌ തകര്‍ത്തു. 15.84 മീറ്ററായിരുന്നു ഉനൈസ്‌ ചാടിയത്‌. 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ കോട്ടയം സിഎംസിലെ ശ്രീകാന്ത്‌.ഡി 52.50 സമയത്തില്‍ ഓടിയെത്തി പുതിയ റിക്കാര്‍ഡ്‌ സൃഷ്ടിച്ചു.
ുന്നു ദിനങ്ങളിലായി നടന്ന മീറ്റിന്‌ ഇന്നലെയാണ്‌ ചുടുപിടിച്ചത്‌. കഴിഞ്ഞ ദിവസങ്ങളില്‍ പുതിയ മീറ്റ്‌ റെക്കോര്‍ഡുകള്‍ ഒന്നും കാണുവാന്‍ കഴിയാതിരുന്നതിന്റെ കുറവ്‌ പരിഹരിച്ചുകൊണ്ട്‌ ഇന്നലെ രാവിലെ രണ്ട്‌ മീറ്റ്‌ റെക്കോര്‍ഡുകള്‍ ട്രാക്കിലും ഫീല്‍ഡിലുമായി പിറന്നു. പുരുഷന്മാരുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ സി.എം.എസ്‌ കോളേജിലെ (കോട്ടയം) ഇ.അനീഷ്‌ റഹ്‌്‌മാന്‍ 2007ല്‍ പി.പി ജോമോന്‍ (ബസേലിയസ്‌ കോളേജ്‌ കോട്ടയം) സ്ഥാപിച്ച 52.52 സെക്കന്റിന്റെ നിലവില്‍ ഉണ്ടായിരുന്ന റെക്കോര്‍ഡ്‌ 52.50 സെക്കന്റ്‌ ആയി മെച്ചപ്പെടുത്തി. ു
പുരുഷന്മാരുടെ ട്രിപ്പിള്‍ ജംപിലാണ്‌ രണ്ടാമത്തെ റെക്കോര്‍ഡ്‌. 2005ല്‍ കോതമംഗലം എം.എ.കോളേജിലെ അനീഷ്‌ പി.കൃഷ്‌ണന്‍ രേഖപ്പെടുത്തിയ 15.52 മീറ്ററിന്റെ നിലവിലുണ്ടായിരുന്ന ദൂരം പാല,സെന്റ്‌ തോമസിലെ എസ്‌.ഉനൈസ്‌ 15.84 മീറ്ററായി ഉയര്‍ത്തി. രണ്ടാം സ്ഥാനത്തുവന്ന എം.എ കോളേജിലെ അബ്ദുള്ള അബൂബക്കറും നിലവിലുണ്ടായിരുന്ന ദൂരം പിന്നിലാക്കി വെല്ലി നേടി. 15.77 മീറ്റര്‍.



ആശ്വാസമായി അവസാന ദിനത്തിലെ റിക്കാര്‍ഡുകള്‍

കൊച്ചി: പങ്കാളിത്തത്തില്‍ ശുഷ്‌കമെന്ന്‌ പഴികേട്ട എംജി യൂണിവേഴ്‌സിറ്റി മീറ്റില്‍ അവസാന ദിനത്തില്‍ അഞ്ചു റിക്കാര്‍ഡുകള്‍ പിറന്നത്‌ കായിക പ്രേമികള്‍ക്ക്‌ ആശ്വാസമായി. കഴിഞ്ഞ മീറ്റില്‍ എട്ടു റിക്കാര്‍ഡുകളാണ്‌ തിരുത്തി കുറിച്ചിരുന്നത്‌. ഇന്നലെ രാവിലെ ട്രിപ്പില്‍ ജംപില്‍ റിക്കാര്‍ഡോടെ സ്വര്‍ണം കണ്ടെത്തിയ പാല സെന്‍റ്‌ തോമസ്‌ കോളിലെ എസ്‌.ഉനൈസ്‌ ആണ്‌ വരള്‍ച്ചക്ക്‌ അറുതിയിട്ട്‌ ആദ്യ റിക്കാര്‍ഡിട്ടത്‌. തുടര്‍ന്ന്‌ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ കോട്ടയം സി.എം.എസ്‌.കോളജിലെ അനീസ്‌ റഹ്മാനും, പോള്‍വാള്‍ട്ടില്‍ പാല അല്‍ഫോണ്‍സാ കോളജിലെ സിഞ്ചു പ്രകാശും, ഹെപ്‌റ്റാത്തലണില്‍ അല്‍ഫോണ്‍സയിലെ തന്നെ മരീന ജോര്‍ജും പുതിയ മീറ്റ്‌ റിക്കാര്‍ഡുകള്‍ കണ്ടെത്തി. 4-100 റിലേയില്‍ മത്സരിച്ച ചങ്ങനാശേരി അസംപ്‌ഷന്‍ കോളജിലെ വനിത താരങ്ങളും പുതിയ റിക്കാര്‍ഡ്‌ സൃഷ്ടിച്ചു.
മലപ്പുറം പൊന്നാനി സ്വദേശിയായ അനീസ്‌ സി.എം.എസ്‌.കോളജില്‍ എം.കോം ഒന്നാം വര്‍ഷം വിദ്യാര്‍ഥിയാണ്‌. പ്രവാസിയായ അബ്ദൂള്‍ റഹ്മാനും ബുഷ്‌റയുമാണ്‌ മാതാപിതാക്കള്‍. 2011ല്‍ കൊച്ചിയില്‍ നടന്ന 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ സ്വര്‍ണം നേടിയ അനീസ്‌ 4-100 മീറ്റര്‍ റിലേയില്‍ വെങ്കലം നേടിയിരുന്നു. 2012 ലക്ക്‌നൗവില്‍ നടന്ന ജൂനിയര്‍ നാഷണലിലും 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ സ്വര്‍ണം നേടിയിരുന്നു. 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ സര്‍വകാലാശാലയില്‍ നാലാം തവണയാണ്‌ സ്വര്‍ണം നേടുന്നത.്‌ അനീസിന്‍െറ സഹോദരന്‍ ഹരീസ്‌ റഹ്മാന്‍ ഇത്തവണ കാലിക്കറ്റ്‌ സര്‍വകലാശാല മീറ്റില്‍ വാക്കിംങില്‍ മൂന്നാം സ്ഥാനം നേടിയിരുന്നു. വിനയചന്ദ്രനാണ്‌ അനീസിന്‍െറ പരിശീലകന്‍.
കണ്ണൂര്‍ ചക്കരകല്ലില്‍ കൂലിപ്പണിക്കാരനായ പ്രകാശന്‍െറ മകളാണ്‌ റിക്കാര്‍ഡ്‌ സ്വന്തമാക്കിയ പോള്‍വാട്ട്‌ താരം സിഞ്ചു പ്രകാശന്‍. 3.40 മീറ്റര്‍ ചാടിയാണ്‌ റിക്കാര്‍ഡിട്ടത്‌. പാല അല്‍ഫോണ്‍സാ കോളജില്‍ ബി.എ ഇക്കണേമികസ്‌ മൂന്നാം വര്‍ഷ വിദ്യാര്‍ഥിയാണ്‌. പാല ജംപ്‌സ്‌ അക്കാദമിയിലെ സതീഷ്‌ കുമാറാണ്‌ പരിശീലകന്‍. കോല്‍ക്കൊത്ത, റാഞ്ചി സ്‌കൂള്‍ മീറ്റുകളിലടക്കം സ്വര്‍ണം നേടിയിട്ടുള്ള സിഞ്ചു ബംഗളുരു, വാറങ്കല്‍ എന്നിവിടങ്ങളില്‍ നടന്ന ജൂനിയര്‍ മീറ്റുകളിലും സ്വര്‍ണം നേടിയിട്ടുണ്ട്‌്‌. ഹെപ്‌റ്റാത്തലനില്‍ റിക്കാര്‍ഡ്‌്‌ സ്വന്തമാക്കിയ മറീന ജോര്‍ജ്ജ്‌ 4695 പോയന്‍റുകളാണ്‌ നേടിയത്‌. ഇടുക്കി വാഴത്തോപ്പ്‌ ഇത്താക്കല്‍ ജോര്‍ജ്‌ തോമസ്‌ ഡെയ്‌സി ദമ്പതികളുടെ മകളാണ്‌. മംഗളുരുവിലും പഞ്ചാബിലും നടന്ന അന്തര്‍സര്‍വ്വകലാശാല മീറ്റുകളില്‍ വെള്ളി നേടിയിരുന്നു. റാഞ്ചി, ബംഗളുരു ജൂനിയര്‍ മീറ്റുകളിലും മറീന വെള്ളി നേടിയിരുന്നു. 4-100 റിലേയില്‍ മത്സരിച്ച കെ. മഞ്‌ജു, ബിജി ഷാജന്‍, കെ.രംഗ എന്നിവരാണ്‌ പുതിയ മീറ്റ്‌ റിക്കാര്‍ഡിന്‌ ഉടമകള്‍. 48.03 സെക്കറിലായിരുന്നു ഇവര്‍ ഓടിയെത്തിയത്‌.


Tuesday, December 8, 2015

ചാട്ടത്തില്‍ പാലക്കാടന്‍ ആധിപത്യം




കോഴിക്കോട്‌: ചാട്ടത്തിലെ മേധാവിത്വം അവസാനദിനവും പാലക്കാട്‌ വിട്ടുകൊടുത്തില്ല. ഇന്നലെ നടന്ന മൂന്നു ജംപിനങ്ങളില്‍ നിന്നായി നേടിയത്‌ മൂന്നു സ്വര്‍ണമുള്‍പ്പെടെ നാലു മെഡല്‍. ജൂണിയര്‍ ആണ്‍കുട്ടികളുടെ ട്രിപ്പിള്‍ ജംപില്‍ പറളിയുടെ എന്‍. അനസ്‌ ദേശീയ റിക്കാര്‍ഡ്‌ മറികടക്കുന്ന പ്രകടനമാണ്‌ നടത്തിയത്‌. 15.01 മീറ്റര്‍ ചാടിയാണ്‌ അനസ്‌ റിക്കാര്‍ഡ്‌ ബുക്കിലെ പുതിയ അംഗമായത്‌. 2011ല്‍ പാലക്കാടിന്റെ ടി. സഫീര്‍ സ്ഥാപിച്ച 14.44 മീറ്ററാണ്‌ പഴങ്കഥയായത്‌. 

സീനിയര്‍ പെണ്‍കുട്ടികളുടെ ഹൈജംപില്‍ എച്ച്‌എസ്‌ പറളിയിലെ പി.ടി. ചേഷ്‌മ ഇഞ്ചോടിഞ്ച്‌ പോരാട്ടത്തിനൊടുവിലാണ്‌ സ്വര്‍ണം നേടിയത്‌. ഭരണങ്ങാനം സ്‌പോര്‍ട്‌സ്‌ ഹോസ്റ്റലിലെ എന്‍.പി. സംഗീതയും 1.67 മീറ്റര്‍ ചാടിയിരുന്നു. എന്നാല്‍, 1.70 മീറ്ററിലേക്ക്‌ ക്രോസ്‌ ബാര്‍ ഉയര്‍ത്തിയപ്പോള്‍ ആര്‍ക്കും മറികടക്കാനായില്ല. ഇതോടെ 1.67 മീറ്റര്‍ ആദ്യം ചാടിയത്‌ ചേഷ്‌മയ്‌ക്കു നേട്ടമായി. പ്ലസ്‌ടു വിദ്യാര്‍ഥിനിയാണ്‌ ചേഷ്‌മ. സികെഎം എച്ച്‌എസ്‌എസിലെ ആതിര സോമരാജിനാണു വെങ്കലം. 

സീനിയര്‍ ആണ്‍കുട്ടികളുടെ ട്രിപ്പിള്‍ ജംപില്‍ 14.66 മീറ്റര്‍ ചാടി പാലക്കാട്‌ എച്ച്‌എസ്‌ കുമരംപുത്തൂരിലെ സനല്‍ സ്‌കറിയ സ്വര്‍ണത്തിലെത്തി. 

മുണ്‌ടൂര്‍ എച്ച്‌എസിലെ ആര്‍. സ്വരൂപിനാണ്‌ വെള്ളി (16.61). മുഹമ്മ എബിവിഎച്ച്‌എസിലെ ബോബി സാബുവിനാണ്‌ വെങ്കലം. 

ഒളിമ്പ്യന്മാര്‍ക്ക്‌ സ്‌പ്രിന്റ്‌ ഡബിള്‍



കോഴിക്കോട്‌: ഒളിമ്പ്യന്മാരുടെ ശിഷ്യര്‍ സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ സ്‌പ്രിന്റ്‌ ഡബിള്‍ നേടി. പി.ടി. ഉഷയുടെ ശിഷ്യ ജിസ്‌ന മാത്യു, മേഴ്‌സിക്കുട്ടന്റെ ശിഷ്യ ഗൗരിനന്ദന, അനില്‍കുമാറിന്റെ ശിഷ്യന്‍ അലന്‍ ചാര്‍ളി ചെറിയാന്‍ എന്നിവരാണ്‌ 200 മീറ്ററിലും സ്വര്‍ണം നേടിയത്‌. പറളി സ്‌കൂളിലെ ടി.പി. അമലും സ്‌പ്രിന്റില്‍ ഡബിള്‍ തികച്ചു.

നേരത്തേ സീനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്ററില്‍ റിക്കാര്‍ഡോടെ സ്വര്‍ണം നേടിയ കോഴിക്കോട്‌ പൂവമ്പായി സ്‌കൂളിലെ ജിസ്‌ന മാത്യു 200 മീറ്ററിലും നേട്ടം ആവര്‍ത്തിച്ചു.100 മീറ്ററിന്റെ തനിയാവര്‍ത്തനമായ ഫൈനലില്‍ ഇതേ സ്‌കൂളിലെ ഷഹര്‍ബാന സിദ്ദിഖ്‌ വെള്ളിയും പറളി ഹയര്‍സെക്കന്‍ഡറിയിലെ എം.അഞ്‌ജന വെങ്കലവും നേടി.

ആണ്‍കുട്ടികളുടെ 200 മീറ്ററില്‍ തൃശൂര്‍ ആളൂര്‍ ആര്‍എം ഹയര്‍സെക്കന്‍ഡറിയിലെ ലിബിന്‍ ഷിബു സ്വര്‍ണവും മലപ്പുറം കടകശേരി ഐഡിയല്‍ സ്‌കൂളിലെ അശ്വിന്‍ സണ്ണി വെള്ളിയും കുമരംപുത്തൂര്‍ കല്ലടി സ്‌കൂളിലെ വി. മുഹമ്മദ്‌ അജ്‌മല്‍ വെങ്കലവും നേടി. 

ജൂണിയര്‍ ആണ്‍കുട്ടികളുടെ 200 മീറ്ററില്‍ ടി.പി. അമല്‍ 100 മീറ്ററിലെ നേട്ടം ആവര്‍ത്തിച്ചു. കടകശേരി ഐഡിയല്‍ സ്‌കൂളിലെ മെഹിദി നൂറുദീന്‍ വെള്ളിയും എറണാകുളം കാവുങ്കര ടിടിവിഎച്ച്‌എസ്‌എസിലെ അസ്‌കര്‍ അലി വെങ്കലവും സ്വന്തമാക്കി.

പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ സ്‌പ്രിന്റ്‌ ഡബിള്‍ കൊതിച്ചെത്തിയ നാട്ടിക ഫിഷറീസ്‌ സ്‌കൂളിലെ പി.ഡി. അഞ്‌ജലിയെ രണ്‌ടാം സ്ഥാനത്തേക്ക്‌ പിന്തള്ളി പെരുമാനൂര്‍ സെന്റ്‌ തോമസിലെ ലിനറ്റ്‌ ജോര്‍ജ്‌ സ്വര്‍ണം നേടി. മേഴ്‌സിക്കുട്ടന്റെ ശിഷ്യയാണ്‌. തിരുവനന്തപുരം സായിയിലെ കെ.എം. നിബയ്‌ക്കാണ്‌ വെങ്കലം. 100 മീറ്ററില്‍ ലിനറ്റിന്‌ മൂന്നാം സ്ഥാനമായിരുന്നു. 

സബ്‌ ജൂണിയര്‍ ആണ്‍കുട്ടികളില്‍ കൊല്ലം സായിയിലെ അലന്‍ ചാര്‍ളി ചെറിയാന്‍ 200 മീറ്ററിലും 100 മീറ്ററിലെ നേട്ടം ആവര്‍ത്തിച്ചു. കോഴിക്കോട്‌ കൂരാച്ചുണ്‌ട്‌ സെന്റ്‌ തോമസിലെ ടി.കെ. സായൂജ്‌, കോതമംഗലം സെന്റ്‌ ജോര്‍ജിലെ എം.യു. അഭിജിത്ത്‌ എന്നിവര്‍ യഥാക്രമം വെള്ളിയും വെങ്കലവും നേടി.

പെണ്‍കുട്ടികളില്‍ പെരുമാനൂര്‍ സെന്റ്‌ തോമസിലെ ഗൗരിനന്ദന സ്‌പ്രിന്റ്‌ ഡബിള്‍ തികച്ചു. 200 മീറ്ററില്‍ പാലക്കാട്‌ ചെര്‍പ്പുളശേരി ജിഎച്ച്‌എസ്‌എസിലെ സി. ചിത്ര, കടകശേരി ഐഡിയല്‍ സ്‌കൂളിലെ എം.പി. ലിഗ്‌ന എന്നിവരാണ്‌ രണ്‌ടും മൂന്നും സ്ഥാനങ്ങളില്‍.

മിന്നും റാണിയായി അബിത




കോഴിക്കോട്‌: അവസാന ദിനത്തിലെ അന്തിമ മണിക്കൂറുകളില്‍ താരമായത്‌ കോഴിക്കോടിന്റെ അബിത മേരി മാനുവല്‍. രണ്‌ടു മണിക്കൂറിന്റെ ഇടവേളയില്‍ രണ്‌ടു സ്വര്‍ണമാണ്‌ അബിത ഓടിയെടുത്തത്‌. സീനിയര്‍ പെണ്‍കുട്ടികളുടെ 800 മീറ്ററില്‍ ദേശീയ റിക്കാര്‍ഡ്‌ ഭേദിക്കുന്ന പ്രകടനം നടത്തിയപ്പോള്‍ 4-400 മീറ്റര്‍ റിലേയില്‍ അബിതയുടെ കുതിപ്പാണ്‌ കോഴിക്കോടിന്‌ സ്വര്‍ണം ഉറപ്പിച്ചത്‌. ടിന്റു ലൂക്ക അടക്കമുള്ളവര്‍ പ്രകടനം കാണാന്‍ എത്തിയിരുന്നു. 

എതിരാളികള്‍ക്ക്‌ കാര്യമായ അവസരം നല്‌കാതെ 2: 07.7 മിനിറ്റില്‍ ഓടിയെത്തിയ അബിത മറികടന്നത്‌ ജെസി ജോസഫിന്റെ റിക്കാര്‍ഡ്‌ (2:07.8). പാലക്കാട്‌ കുമരംപുത്തൂര്‍ എച്ച്‌എസിലെ സി. ബബിത ശക്തമായ വെല്ലുവിളി ഉയര്‍ത്തിയെങ്കിലും വെള്ളിയില്‍ ഒതുങ്ങേണ്‌ടിവന്നു. തിരുവനന്തപുരം സായിയിലെ അന്‍സ ബാബു (2:12.75) വെങ്കലം നേടി. 

800 മീറ്റര്‍ ഫൈനലിനു തൊട്ടുപിന്നാലെ നടന്ന റിലേ പോരാട്ടത്തെ അവിസ്‌മരണീയമാക്കിയത്‌ അബിതയുടെ പ്രകടനമായിരുന്നു. ആദ്യ ലാപ്പില്‍ ഓടിയ ആല്‍ഫിന റോയ്‌ ആബിതയ്‌ക്കു ബാറ്റണ്‍ കൈമാറുമ്പോള്‍ ഏഴാമതായിരുന്നു കോഴിക്കോട്‌. ഉറപ്പിച്ച സ്വര്‍ണം നഷ്ടമായതിന്റെ നിരാശ കോഴിക്കോട്‌ ക്യാമ്പിലേക്കു പടര്‍ന്ന നിമിഷം. എന്നാല്‍, എതിരാളികളെ ഓരോരുത്തരെയായി മറികടന്ന അബിത പകുതി പിന്നിട്ടതോടെ നാലാമതായി. തന്റെ ലാപ്പ്‌ പൂര്‍ത്തിയാക്കി ബാറ്റണ്‍ ഷഹര്‍ബാനയ്‌ക്കു കൈമാറുമ്പോള്‍ കോഴിക്കോട്‌ രണ്‌ടാംസ്ഥാനത്തെത്തിയിരുന്നു. 

ഷഹര്‍ബാനയ്‌ക്കും അവസാനം ഓടിയ ജിസ്‌നയ്‌ക്കും അബിത നല്‌കിയ ലീഡ്‌ നിലനിര്‍ത്തേണ്‌ടി വന്നതേയുള്ളൂ. ഇന്നലെ കൈയടി ഏറെ കിട്ടിയതും ഈ മെല്ലിച്ച പെണ്‍കുട്ടിക്കു തന്നെ. മികച്ച ഭാവിയുള്ള താരമാണ്‌ അബിതയെന്നും പരിശ്രമിച്ചാല്‍ കൂടുതല്‍ നേട്ടങ്ങള്‍ കൊയ്യാനാകുമെന്നും ടിന്റു ലൂക്കയും അഭിപ്രായപ്പെട്ടു. രണ്‌ടാംദിനം 1500 മീറ്ററിലും ദേശീയ റിക്കാര്‍ഡ്‌ മറികടന്ന പ്രകടനത്തോടെയാണ്‌ ഉഷയുടെ പ്രിയശിഷ്യ സ്വര്‍ണത്തില്‍ മുത്തമിട്ടത്‌. എഎംഎച്ച്‌എസ്‌ പൂവമ്പായിയിലെ പ്ലസ്‌ വണ്‍ വിദ്യാര്‍ഥിനിയാണ്‌. 

സീനിയര്‍ ആണ്‍കുട്ടികളുടെ 800 മീറ്ററില്‍ ഇഞ്ചോടിഞ്ച്‌ പോരാട്ടമാണ്‌ നടന്നത്‌. ട്രിപ്പിള്‍ സ്വര്‍ണം ലക്ഷ്യമിട്ടിറങ്ങിയ കോതമംഗലം മാര്‍ ബേസിലിന്റെ ബിബിന്‍ ജോര്‍ജിന്‌ അപ്രതീക്ഷിത തിരിച്ചടി നേരിട്ടു. 

എച്ച്‌എസ്‌ മൂണ്‌ടൂരിലെ സി.വി. സുഗന്ധകുമാറാണ്‌ ബിബിന്റെ സ്വപ്‌നങ്ങളുടെ വേരറുത്തത്‌. 1:53.55ല്‍ സുഗന്ധ്‌ ഫിനിഷിംഗ്‌ ലൈന്‍ തൊട്ടു. ഒരു സെക്കന്‍ഡിന്റെ വ്യത്യാസത്തിലാണ്‌ ബിബിന്‌ തുടര്‍ച്ചയായ മൂന്നാംവര്‍ഷവും ട്രിപ്പിളെന്ന നേട്ടം നഷ്ടമായത്‌. മലപ്പുറം ഐഡിയല്‍ ഇഎച്ച്‌എസ്‌എസിലെ എ.എസ്‌. ഇര്‍ഷാദിനാണ്‌ വെങ്കലം. 

റിലേ പോകാതെ കോഴിക്കോട്‌




കോഴിക്കോട്‌: കോഴിക്കോട്‌ മെഡിക്കല്‍ കോളജ്‌ ഒളിമ്പ്യന്‍ അബ്ദുറഹ്‌മാന്‍ സ്റ്റേഡിയം ഇതുവരെ ഇത്ര ഉച്ചത്തിലുള്ള ആര്‍പ്പുവിളികള്‍ക്ക്‌ സാക്ഷ്യംവഹിച്ചിട്ടുണ്‌ടാകില്ല. ആവേശം കൊടുമുടി കയറിയ മറ്റൊരു മത്സരം ഇതുവരെ ഇവിടെ അരങ്ങേറിയിട്ടുണ്‌ടാവില്ല. സംസ്ഥാന കായികമേളയുടെ അവസാന ഇനമായ സീനിയര്‍ പെണ്‍കുട്ടികളുടെ 4-400 മീറ്റര്‍ റിലേയിലാണ്‌ കാണികളെ മുള്‍മുനയില്‍ നിര്‍ത്തിയ ത്രസിപ്പിക്കുന്ന പ്രകടനം അരങ്ങേറിയത്‌. സിനിമാ കഥകളെപ്പോലും വെല്ലുന്ന രീതിയിലായിരുന്നു അബിത മേരി മാനുവല്‍ എന്ന കൊച്ചുമിടുക്കിയുടെ തേരോട്ടം. ആദ്യലാപ്പില്‍ തകര്‍ന്നടിഞ്ഞ്‌ തോല്‍ക്കുമെന്നുറപ്പിച്ച കോഴിക്കോടിന്‌ പുനര്‍ജീവന്‍ നല്‍കിയത്‌ അബിതയുടെ മിന്നുന്ന പ്രകടനമായിരുന്നു. ഉഷാ സ്‌കൂളിലെ ഷഹര്‍ബാന സിദ്ദിഖ്‌, ജിസ്‌ന മാത്യു, അബിത മേരി മാനുവല്‍, മുക്കം ഓര്‍ഫനേജ്‌ സ്‌കൂളിലെ ഷബ്‌ന ഭാനു എന്നിവരാണ്‌ കോഴിക്കോടിനുവേണ്‌ടി റിലേയില്‍ മത്സരിച്ചത്‌. മുക്കം ഓര്‍ഫനേജ്‌ സ്‌കൂളിലെ ഷബ്‌ന ഭാനുവാണ്‌ ആദ്യ ലാപ്പില്‍ ഓടിയത്‌. 

400 മീറ്റര്‍ ഓടേണ്‌ട ഷബ്‌ന ആദ്യ 200 മീറ്റര്‍ ഓടിയപ്പോഴേക്കും തീര്‍ത്തും അവശയായി. തളര്‍ന്ന്‌ അവശയായ ഷബ്‌ന ബഹുദൂരം പിന്നില്‍ ഏറ്റവും ഒടുവിലായാണ്‌ ഓടിയെത്തിയത്‌. ആതിഥേയരുടെ റിലേ പോരാട്ടം കാണാന്‍ ഗാലറിയില്‍ തടിച്ചുകൂടിയ ജനങ്ങള്‍ ഇതോടെ ഒന്നടങ്കം നിരാശയില്‍ തലതാഴ്‌ത്തി. ഷബ്‌ന, അബിതാ മേരി മാനുവലിനാണ്‌ ബാറ്റണ്‍ കൈമാറിയത്‌. അബിത ബാറ്റണ്‍ വാങ്ങുമ്പോഴേക്കും തിരുവനന്തപുരം ജില്ലയുടെ താരം രണ്‌ടാം ലാപ്പ്‌ പകുതി പിന്നിട്ടിരുന്നു. അബിത ഓട്ടം തുടങ്ങിയതിനു ശേഷം എന്താണ്‌ സംഭവിച്ചതെന്ന്‌ കാണികള്‍ക്കുപോലും വിശ്വസിക്കാനായില്ല. സെക്കന്‍ഡുകള്‍ക്കുള്ളില്‍ എതിരാളികള്‍ ഓരോരുത്തരെയായി അബിത പിറകിലാക്കി കുതിച്ചുകയറി. കണ്ണ്‌ ചിമ്മിത്തുറക്കുമ്പോഴേക്കും ഏറ്റവും പിറകിലായിരുന്ന അബിത രണ്‌ടാം സ്ഥാനത്തെത്തി. പിന്നെ ഗാലറിയില്‍ മുഴങ്ങിയത്‌ ആവേശത്തിന്റെ ആര്‍പ്പുവിളികള്‍. മൂന്നാം ലാപ്പ്‌ ഓടിയത്‌ ഉഷാ സ്‌കൂളിലെ തന്നെ ഷഹര്‍ബാന സിദ്ദിഖ്‌. ബാറ്റണ്‍ കൈമാറി നൂറ്‌ മീറ്റര്‍ പിന്നിടുമ്പോഴേക്കും ഷഹര്‍ബാന ഏറ്റവും മുന്നിലെത്തി. നാലാം ലാപ്പില്‍ ഓടിയത്‌ ദേശീയ താരം ജിസ്‌ന മാത്യു. കൂടുതലൊന്നും ചിന്തിക്കേണ്‌ടി വന്നില്ല, വെടിമരുന്നിന്‌ തിരികൊളുത്തിയ പ്രതീതി. വെടിയുണ്‌ടയുടെ വേഗത്തില്‍ എതിരാളികളെ ബഹുദൂരം പിന്നിലാക്കി ജിസ്‌ന നാലാംറൗണ്‌ട്‌ പൂര്‍ത്തിയാക്കി. 

നാല്‌ ദിവസങ്ങളിലായി നടന്ന മേളയില്‍ കാണികളെ ഇത്രയധികം ആവേശഭരിതരാക്കിയ മറ്റൊരു മത്സരവും അരങ്ങേറിയിരുന്നില്ല. പി.ടി. ഉഷ ഉള്‍പ്പെടെയുള്ളവര്‍ ഓടിയെത്തിയാണ്‌ വിജയികളെ സ്വീകരിച്ചത്‌. തിരുവനന്തപുരത്തിനാണ്‌ രണ്‌ടാം സ്ഥാനം. പാലക്കാടിന്‌ മൂന്നാം സ്ഥാനംകൊണ്‌ട്‌ തൃപ്‌തിപ്പെടേണ്‌ടിവന്നു. ഇതിനു ശേഷം നടന്ന സീനിയര്‍ വിഭാഗം ആണ്‍കുട്ടികളുടെ റിലേ മത്സരവും ആവേശം പകരുന്നതായിരുന്നു. റിക്കാര്‍ഡിന്‌ സെക്കന്‍ഡില്‍ ഒരംശത്തിന്റെ കുറവ്‌. 3.19.86 എന്ന സമയത്തില്‍ ഓടി തിരുവനന്തപുരമാണ്‌ സ്വര്‍ണം നേടിയത്‌. ആലിഫ്‌ നിസാം, അമീഷ്‌ മോഹന്‍, അല്‍ അമീന്‍, എസ്‌.ജെ. സഞ്‌ജു എന്നിവരാണ്‌ തിരുവനന്തപുരത്തിനു വേണ്‌ടി ഓടിയത്‌. മലപ്പുറം രണ്‌ടും, പാലക്കാട്‌ മൂന്നും സ്ഥാനങ്ങള്‍ നേടി. 

മേളയുടെ അവസാന ദിനമായ ഇന്നലെ രാവിലെയാണ്‌ ജൂണിയര്‍ വിഭാഗം ആണ്‍കുട്ടികളുടെ ഹാമര്‍ ത്രോ അരങ്ങേറിയത്‌. സെന്റിമീറ്ററുകളുടെ വ്യത്യാസത്തിലാണ്‌ സ്വര്‍ണനേട്ടം കൈവരിച്ച മുഹമ്മദ്‌ ആഷിഖിന്‌ റിക്കാര്‍ഡ്‌ നഷ്ടമായത്‌. എറണാകുളം മാതിരപ്പിള്ളി ഗവ. വിഎച്ച്‌എസ്‌എസിലെ പത്താംക്ലാസ്‌ വിദ്യാര്‍ഥിയാണ്‌ മുഹമ്മദ്‌ ആഷിഖ്‌. 

പെരിന്തല്‍മണ്ണ പട്ടാണി മുഹമ്മദ്‌ ഫാറൂഖ്‌, ഫാത്തിമ സുഹറ ദമ്പതികളുടെ മകനാണ്‌. സീനിയര്‍ വിഭാഗം പെണ്‍കുട്ടികളുടെ ഹാമര്‍ത്രോ മത്സരത്തില്‍ എറണാകുളം മാതിരപ്പിള്ളി ഗവ. വിഎച്ച്‌എസ്‌എസിലെതന്നെ ദീപ ജോഷി സ്വര്‍ണം നേടി. 42.24 മീറ്റര്‍ എറിഞ്ഞായിരുന്നു ദീപയുടെ വിജയം. കോതമംഗലം സെന്റ്‌ ജോര്‍ജ്‌ എച്ച്‌എസ്‌എസിലെ നിസ്‌റ്റിമോള്‍ക്കാണ്‌ രണ്‌ടാം സ്ഥാനം. ജൂണിയര്‍ വിഭാഗം പെണ്‍കുട്ടികളുടെ ജാവലിന്‍ ത്രോ മത്സരത്തില്‍ കോതമംഗലം മാര്‍ബേസിലിലെ ദിവ്യ മോഹന്‍ സ്വര്‍ണം നേടി. 32.43 മീറ്റര്‍ എറിഞ്ഞായിരുന്നു ദിവ്യ ഒന്നാമതെത്തിയത്‌. നാട്ടിക ഫിഷറീസ്‌ എച്ച്‌എസ്‌എസിലെ വി.ഡി. അഞ്‌ജലിക്കാണ്‌ രണ്‌ടാം സ്ഥാനം. 

പറളി ജ്വലിച്ചു, മാര്‍ബേസില്‍ നേടി


പറളി ജ്വലിച്ചു, മാര്‍ബേസില്‍ നേടി
കോഴിക്കോട് > ട്രാക്കില്‍ നാലിനങ്ങള്‍ ബാക്കി. അതില്‍ രണ്ടെണ്ണം റിലേ. മാര്‍ബേസില്‍ കൂടാരത്തില്‍ ആശങ്ക. പറളിയും ആകാംക്ഷയോടെ കാത്തിരുന്നു. ജൂനിയര്‍ വിഭാഗം 800 മീറ്റര്‍ മത്സരങ്ങള്‍ക്ക് ട്രാക്കൊരുങ്ങി. പറളിയുടെ പോയിന്റ് നില 86. മാര്‍ബേസിലിന്റേത് 85.
ഒരു വെള്ളിമെഡല്‍ മതിയാകും മാര്‍ബേസിലിന്. രണ്ടിനത്തിലും അവര്‍ക്ക് മെഡല്‍ പ്രതീക്ഷയുണ്ട്. എങ്കിലും കഴിഞ്ഞ തവണത്തെപ്പോലെ അവസാന ഇനത്തില്‍ അട്ടിമറി നടക്കുമോ എന്ന ആശങ്കയായിരുന്നു. പറളിക്ക് രണ്ടിനത്തിലും ആളില്ല. മാര്‍ബേസിലിന് മെഡല്‍ കിട്ടാതിരുന്നാല്‍ മാത്രം അവര്‍ക്ക് ചാമ്പ്യന്‍മാരാകാം.
പെണ്‍കുട്ടികളുടെ 800 മീറ്റര്‍ മത്സരം തുടങ്ങി. അനു തമ്പിയായിരുന്നു മാര്‍ബേസില്‍ കുപ്പായത്തില്‍. രണ്ടാംലാപ്പില്‍ അനുമോള്‍ രണ്ടാം സ്ഥാനത്തേക്ക് കയറി. കോഴിക്കോടിന്റെ അബിത മേരി മാനുവല്‍ ഒന്നാമതായി ദൂരംപൂര്‍ത്തിയാക്കി. പിന്നാലെ അനുമോളും വരകടന്നു. അതുവരെ നിശ്ശബ്ദമായിരുന്ന മാര്‍ബേസില്‍ കൂടാരം പൊട്ടിത്തെറിച്ചു. വര്‍ഷങ്ങളായി അയല്‍ക്കാരായ സെന്റ് ജോര്‍ജ് സ്കൂളിന്റെ നിഴലില്‍ ഒതുങ്ങിപ്പോയ മാര്‍ബേസിലിന്റെ ഗംഭീര തിരിച്ചുവരവായി അത്. അര്‍ഹതപ്പെട്ട നേട്ടവും. നേരിയ വ്യത്യാസത്തില്‍ ചാമ്പ്യന്‍പട്ടം നഷ്ടമായെങ്കിലും പറളിയും ജ്വലിച്ചുനിന്നു. മാര്‍ബേസിലിനേക്കാള്‍ സ്വര്‍ണം കിട്ടിയത് പറളിക്കായിരുന്നു. 12 എണ്ണം. വമ്പന്മാരോട് ഏറ്റുമുട്ടിയാണ് പറളി കയറിവന്നത്. പണക്കൊഴുപ്പിലും താരത്തിളക്കത്തിലും മുന്നിലുള്ള സെന്റ് ജോര്‍ജിനെ അവര്‍ നിഷ്പ്രഭരാക്കി. ആറാം സ്ഥാനത്തേക്കാണ് മുന്‍ ചാമ്പ്യന്മാര്‍ പതിച്ചത്.

കഴിഞ്ഞവര്‍ഷവും 800 മീറ്ററിലാണ് തീരുമാനമായത്. ആണ്‍കുട്ടികളുടെ 800ല്‍ ഒന്നാമതായിരുന്നു മാര്‍ബേസില്‍. പക്ഷേ, ഈയിനത്തില്‍ സെന്റ് ജോര്‍ജിന് വെങ്കലം കിട്ടി. ആ ഒറ്റപ്പോയിന്റ് മാര്‍ബേസിലിന് കണ്ണീരായി. ഇത്തവണ മാര്‍ബേസിലിന് കാലിടറിയില്ല.
ആദ്യദിനങ്ങളില്‍ മങ്ങിനിന്ന പറളി അവസാനദിനങ്ങളില്‍ പുറത്തെടുത്ത വീര്യമായിരുന്നു കിരീടപ്പോരിനെ ത്രസിപ്പിച്ചത്. നാലാംദിനം രണ്ടു തവണ പറളി മുന്നിലെത്തുകയും ചെയ്തു. മൂന്നാംദിനം അവസാനിച്ചപ്പോള്‍ 66 പോയിന്റായിരുന്നു പറളിയുടെ സമ്പാദ്യം. മാര്‍ബേസിലിന് 74ഉം. അവസാനദിനം രാവിലെ മുതല്‍ പറളി മുന്നില്‍ക്കയറി.  ജൂനിയര്‍ ആണ്‍കുട്ടികളുടെ ട്രിപ്പിള്‍ ജമ്പില്‍ ആദ്യ രണ്ടു സ്ഥാനവും നേടിയാണ് പറളി തുടങ്ങിയത്. പിന്നാലെ നടന്ന സീനിയര്‍ പെണ്‍കുട്ടികളുടെ ഹാമര്‍ത്രോയില്‍ പറളിക്ക് വെങ്കലം കിട്ടി. ഇതോടെ ഒരു പോയിന്റ് വ്യത്യാസത്തില്‍ പറളി മുന്നിലെത്തി. ജൂനിയര്‍ പെണ്‍കുട്ടികളുടെ ഹാമര്‍ത്രോയിലും സീനിയര്‍ ആണ്‍കുട്ടികളുടെ 800 മീറ്ററിലും കിട്ടിയ വെള്ളിയുമായി മാര്‍ബേസില്‍ തിരിച്ചെത്തി. അഞ്ചു പോയിന്റിന് മുന്നില്‍.
200 മീറ്റര്‍ മത്സരങ്ങള്‍ തുടങ്ങിയതോടെ പറളി പ്രതീക്ഷയിലായി. സീനിയര്‍ പെണ്‍കുട്ടികളില്‍ മൂന്നാം സ്ഥാനവും ജൂനിയര്‍ ആണ്‍കുട്ടികളില്‍ ഒന്നാം സ്ഥാനവും പറളിക്കായിരുന്നു. ഇതോടെ 81 പോയിന്റുമായി പറളി മാര്‍ബേസിലിനെ മറികടന്നു. വ്യത്യാസം ഒരു പോയിന്റ്. ഉടന്‍ തന്നെ മാര്‍ബേസില്‍ തിരിച്ചെത്തി. ജാവലിന്‍ ത്രോയിലെ ഒന്നാം സ്ഥാനത്തോടെ മാര്‍ബേസില്‍ വീണ്ടും മുന്നില്‍. പറളി വിട്ടുകൊടുത്തില്ല. സീനിയര്‍ പെണ്‍കുട്ടികളുടെ ഹൈജമ്പില്‍ സ്വര്‍ണം നേടി ഒരു പോയിന്റ് ലീഡ് നേടി. പക്ഷേ, 800 മത്സരങ്ങള്‍ തുടങ്ങിയതോടെ  പറളിയുടെ വെല്ലുവിളി അവസാനിച്ചു. മാര്‍ബേസില്‍ കിരീടത്തില്‍ തൊട്ടു.
മുന്‍വര്‍ഷങ്ങളിലെപ്പോലെ ആദ്യദിനംതൊട്ട് മാര്‍ബേസില്‍ കുതിക്കുകയായിരുന്നു. അവസാന നിമിഷങ്ങളില്‍ പതറുന്ന പതിവ് ഇക്കുറി ഉണ്ടായില്ല. 53 താരങ്ങളായിരുന്നു മാര്‍ബേസിലിന്. 30 ആണ്‍കുട്ടികളും 23 പെണ്‍കുട്ടികളും.
ഒമ്പതു സ്വര്‍ണവും 13 വെള്ളിയും ഏഴു വെങ്കലവും നേടി. ബിബിന്‍ ജോര്‍ജും അനുമോള്‍ തമ്പിയും ഇരട്ട റെക്കോഡിട്ടു. ഷിബി മാത്യുവാണ് മാര്‍ബേസിലിന്റെ പരിശീലക. 
പറളിയുടേതും ഒന്നാന്തരം കുതിപ്പായിരുന്നു. ജമ്പിങ് പിറ്റില്‍ അവര്‍ ഏറെ നേട്ടങ്ങളുണ്ടാക്കി. സ്പ്രിന്റില്‍ ഉള്‍പ്പെടെ വമ്പന്‍ സ്കൂളുകളെ മറികടക്കുകയും ചെയ്തു പി ജി മനോജിന്റെ ശിഷ്യന്മാര്‍. സെന്റ് ജോര്‍ജിന്റേത് അവിശ്വസനീയ പതനമായിരുന്നു. കഴിഞ്ഞവര്‍ഷം 83 പോയിന്റാണ് കിട്ടിയത്. ഇക്കുറി 41. 10 സ്വര്‍ണത്തിന്റെ സ്ഥാനത്ത് ഇത്തവണ രണ്ടെണ്ണം മാത്രം.  

- See more at: http://www.deshabhimani.com/news-sports-all-latest_news-522727.html#sthash.Vyr4lYgh.dpuf

ജിസ് ന മാത്യു മീറ്റിലെ താരം


ജിസ് ന മീറ്റിലെ താരം
കോഴിക്കോട് > ജിസ് ന മാത്യുവാണ് ഈ മേളയുടെ താരം. സീനിയര്‍ പെണ്‍കുട്ടികളുടെ 100, 200, 400 മീറ്ററുകളില്‍ ജിസ് ന ട്രാക്കില്‍ വിസ്മയം തീര്‍ത്തു. മൂന്നിനങ്ങളിലും റെക്കോഡ്. 200ലും 400ലും ദേശീയ റെക്കോഡിനെ വെല്ലുന്ന പ്രകടനം. ഇതിനുപുറമേ 4–400 റിലേയില്‍ സ്വര്‍ണവും 4– 100 മീറ്ററില്‍ വെള്ളിയും നേടിയ കോഴിക്കോട് ജില്ലാ ടീമിലും അംഗമായിരുന്നു. ഇനിയുമേറെ സുവര്‍ണ പ്രതീക്ഷകളുണ്ട് പി ടി ഉഷയുടെ ഈ പ്രിയശിഷ്യയില്‍. നാലുവര്‍ഷം മുമ്പാണ് ജിസ് ന ഉഷയുടെ അക്കാദമിയില്‍ എത്തിയത്.
100 മീറ്ററില്‍ 12.08 സെക്കന്‍ഡിലും 200 മീറ്റര്‍ 24.76 സെക്കന്‍ഡിലും 400 മീറ്റര്‍ 53.87 സെക്കന്‍ഡിലും ജിസ്ന ഓടിത്തീര്‍ത്തു. പൂവമ്പായി എഎംഎച്ച്എസിലെ പ്ളസ്വണ്‍ വിദ്യാര്‍ഥിനിയായ ജിസ്ന ഈ വര്‍ഷം മാത്രം നാലു അന്താരാഷ്ട്ര മേളകളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു. സെപ്തംബറില്‍ സമോവയില്‍ നടന്ന യൂത്ത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 400 മീറ്ററില്‍ വെള്ളി നേടിയതാണ് രാജ്യാന്തര രംഗത്തെ മികച്ച പ്രകടനം. സമോവയിലെ 53:14 സെക്കന്‍ഡാണ് കരിയറിലെ മികച്ച സമയം. പതിനെട്ട് വയസ്സില്‍ താഴെയുള്ളവരുടെ വിഭാഗത്തില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും മികച്ച സമയമാണിത്.
ലോക സീനിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ റിലേയില്‍ മത്സരിക്കാനുള്ള ഇന്ത്യന്‍ ടീമില്‍ ഇടംനേടി. കഴിഞ്ഞവര്‍ഷം സംസ്ഥാന സ്കൂള്‍ കായികമേളയില്‍ ട്രിപ്പിള്‍ സ്വര്‍ണം നേടിയ ജിസ്ന റാഞ്ചിയില്‍ നടന്ന ദേശീയ സ്കൂള്‍ മീറ്റിലും ട്രിപ്പിള്‍ സ്വര്‍ണനേട്ടം ആവര്‍ത്തിച്ചു. കണ്ണൂര്‍ ആലക്കോട് കുഴിവേലില്‍ വീട്ടില്‍ കര്‍ഷകനായ മാത്യുവിന്റെയും ജെസിയുടെയും മകളാണ്.
13 കുട്ടികളെ ട്രാക്കിലിറക്കിയ ഉഷാ സ്കൂള്‍ ഒമ്പത് സ്വര്‍ണവും നാല് വെള്ളിയും രണ്ട് വെങ്കലവും നേടി.

അബിതയുടെ കുതിപ്പിന് കരുത്തായി ടിന്റുവും ജെസിയും


കോഴിക്കോട് ∙ ടിന്റു ലൂക്കയുടെയും ജെസി ജോസഫിന്റെയും കൈപിടിച്ചാണ് അബിത മേരി മാനുവൽ സ്റ്റാർടിങ് പോയിന്റിലെത്തിയത്. സീനിയർ പെൺകുട്ടികളുടെ 800 മീറ്ററിൽ എതിരാളികളെ മീറ്ററുകളുടെ വ്യത്യാസത്തിൽ പിൻതള്ളി സ്വർണത്തിലേക്ക് മുന്നേറുമ്പോൾ കൈയടിച്ചും സമയമളന്നും ട്രാക്കിന്റെ ഇരുവശങ്ങളിലുമായി അവരുണ്ടായിരുന്നു, രാജ്യാന്തര താരങ്ങളെ സാക്ഷിനിർത്തി, ദേശീയ റെക്കോർഡിനെ മറികടന്ന പ്രകടനത്തോടെ അബിത ഫിനിഷ് ചെയ്തു. സംസ്ഥാന സ്കൂൾ മീറ്റ് 800 മീറ്ററിൽ പത്തുവർഷമായി തുടരുന്ന ഉഷ സ്കൂളിന്റെ ആധിപത്യം അബിതയിലൂടെ ഇത്തവണയും കാത്തു. 

കഴിഞ്ഞ ദിവസം 1500 മീറ്ററിലും ദേശീയ റെക്കോർഡിനെ മറികടന്ന് ഓടിയ അബിതയ്ക്ക് ഇതു രണ്ടാം സ്വർണം. 800 മീറ്ററിൽ മുൻഗാമികളായ ടിന്റുവിനും ജെസിക്കുമൊപ്പം പരിശീലിച്ചതാണ് വിജയത്തിനു പിന്നിലെന്ന് അബിത പറയുന്നു. പരിശീലനസമയത്ത് ടിന്റുവിനും ജെസിക്കുമൊപ്പമാണ് അബിതയും ഓടുന്നത്. ഓരോ സീസണിലും ഓടിയെത്താൻ അബിതയ്ക്ക് മുന്നിൽ ചേച്ചിമാരുടെ റെക്കോർഡ‍് ദൂരങ്ങളുമുണ്ടാകും. 

പൂവമ്പായി എംഎംഎച്ച്എസ്എസിലെ പ്ലസ്‍വൺ വിദ്യാർഥിയായ അബിത കോഴിക്കോട് കല്ലാനോട് അകപടിയിൽ മാനുവലിന്റെയും ബീനയുടെയും മകളാണ്. ഈ വർഷം സമോവയിൽ നടന്ന കോമൺവെൽത്ത് യൂത്ത് ഗെയിംസിൽ 800 മീറ്ററിൽ വെങ്കലവും നേടി. 2011ലാണ് ഉഷ സ്കൂളിലെത്തിയത്. കഴിഞ്ഞ വർഷത്തെ സ്കൂൾ മീറ്റിൽ ജൂനിയർ വിഭാഗത്തിൽ 800 വിഭാഗത്തിൽ മീറ്റ് റെക്കോർഡോടെ സ്വർണം നേടി. 

ജൂനിയർ പെൺകുട്ടികളുടെ 800 മീറ്ററിലും ഉഷാ സ്കൂൾ കരുത്തുകാട്ടി. 2.12.23 മിനിറ്റിൽ ഓടിയെത്തിയ കെ. സ്നേഹയ്ക്കാണ് സ്വർണം. 800 മീറ്ററിൽ സ്നേഹയുടെ ആദ്യപോരാട്ടമായിരുന്നു ഇത്. അതുല്യ വിജയനിലൂടെ മൂന്നാം സ്ഥാനവും ഉഷ സ്കൂൾ നേടി. 

മേള ഗംഭീരം; പക്ഷേ, ചിട്ട വേണം-പി.ടി ഉഷ


റെക്കോർഡുകളുടെ പെരുമഴയും ശ്രദ്ധിക്കപ്പെട്ട ഒരുപിടി പ്രകടനങ്ങളുമായാണ് കായിക മേളയ്ക്കു കോഴിക്കോട് വിട നൽകിയത്. ഓർമയിൽ തങ്ങിനിൽക്കുന്ന പല മുഹൂർത്തങ്ങളും മെഡിക്കൽ കോളജ് ഒളിംപ്യൻ റഹ്മാൻ സ്റ്റേഡിയത്തിൽ കുട്ടികൾ കാഴ്ചവച്ചു. മികച്ച സംഘാടനവും കാണികളുടെ പിന്തുണയുമെല്ലാം മേളയുടെ വിജയത്തിനു മാറ്റുകൂട്ടിയെങ്കിലും ചില കാര്യങ്ങൾ ശ്രദ്ധയിൽ പെടുത്തേണ്ടതുണ്ട്.

വ്യക്തമായ മൽസരച്ചട്ടങ്ങൾ തയാറാക്കി സംസ്ഥാന സ്കൂൾ മേള നടത്തേണ്ട കാലം അതിക്രമിച്ചു. അത്തരം ചട്ടങ്ങൾ ഇല്ലാത്തതു മൂലമാണു കഴിഞ്ഞ ദിവസം സബ് ജൂനിയർ പെൺകുട്ടികളുടെ റിലേ മൽസരം വിവാദത്തിൽ കലാശിച്ചത്. അത്‍ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ പിന്തുടരുന്ന മൽസരച്ചട്ടങ്ങൾ സംസ്ഥാന സ്കൂൾ കായിക മേളയ്ക്കും ബാധമാക്കിയാൽ പ്രശ്നങ്ങൾക്കു പരിഹാരമാകും. 

ജൂനിയർ മീറ്റിലും മറ്റുമുള്ളതുപോലെ പ്രായത്തിനനുസരിച്ച് കുട്ടികളെ ഒന്നോ രണ്ടോ ഇനത്തിൽ മൽസരപ്പിക്കാൻ കഴിയുമെന്നതാണ് ഇതിന്റെ മെച്ചം. അതുമൂലം കൂടുതൽ കുട്ടികൾക്കു മേളയിൽ പങ്കെടുക്കാനുമാകും. അങ്ങനെ കൂടുതൽ പ്രതിഭകൾക്കു വാതിൽ തുറന്നിടുകയല്ലേ വേണ്ടത്? കുട്ടികളിൽ അമിതഭാരം അടിച്ചേൽപ്പിക്കുന്ന പ്രവണതയ്ക്കും അനാരോഗ്യകരമായ മൽസരങ്ങൾക്കുമൊക്കെ അറുതിയുണ്ടാകും. രാജ്യാന്തര തലത്തിൽ നിലവിലുള്ള ചട്ടങ്ങൾ ചെറുപ്പത്തിലേ പരിചയിക്കുന്നത് കുട്ടിത്താരങ്ങൾക്കു ഭാവിയിൽ ഏറെ സഹായകവുമാകും. എല്ലാത്തിലുമുപരി, കൃത്യതയോടെ മൽസരങ്ങൾ നടത്തുകയെന്ന ഏറ്റവും പ്രധാനമായ കടമ പരാതികൾക്കിടയില്ലാതെ നിർവഹിക്കാനുമാകും.

ജൂനിയർ ട്രിപ്പിൾ ജംപിൽ പറളി സ്കൂളിലെ എൻ. അനസിന്റെ റെക്കോർഡ് പ്രകടനം അഭിനന്ദനാർഹമാണ്. അതേസമയം, കോഴിക്കോട്ടെ കാണികൾ നെഞ്ചിലേറ്റിയ മൽസര ഇനം സീനിയർ പെൺകുട്ടികളുടെ 4–400 മീറ്റർ റിലേ ആണെന്നതിൽ തർക്കമുണ്ടാകില്ല. ഓരോ ഘട്ടത്തിലും ആവേശം കൂടിവരികയായിരുന്നു. കോഴിക്കോട് ജില്ലയ്ക്കു സ്വർണം നേടിക്കൊടുത്ത പ്രകടനത്തിൽ അബിത മേരി മാനുവലിന്റെ പ്രകടനമാണ് എനിക്കേറെ ഇഷ്ടപ്പെട്ടത്. ജിസ്ന മാത്യുവും ഷഹർബാന സിദ്ദിഖും മികച്ച പിന്തുണ കൂടി നൽകിയപ്പോൾ വിദഗ്ധരും കാണികളും ഒരു പോലെ ആ മൽസരം ആസ്വദിക്കുകയും ചെയ്തു. 800 മീറ്ററിൽ അൽപം കൂടി കടുത്ത പോരാട്ടമായിരുന്നെങ്കിൽ മീറ്റ് റെക്കോർഡ് തിരുത്താൻ അബിതയ്ക്കു കഴിയുമായിരുന്നു. 

ഈ മീറ്റ് ഓർമിക്കപ്പെടുക ജിസ്ന മാത്യുവിന്റെ നേട്ടങ്ങളുടെ പേരിലായിരിക്കും. മൂന്ന് ഇനങ്ങളിൽ റെക്കോർഡ് നേടി നാല് സ്വർണം സ്വന്തമാക്കിയ ജിസ്ന കുതിപ്പു തുടങ്ങിയിട്ടേയുള്ളൂ. ഒട്ടേറെ റെക്കോർഡ് നേട്ടങ്ങളുണ്ടെങ്കിലും അവയിൽ വിസ്മയിപ്പിക്കുന്ന പ്രകടനങ്ങൾ അധികമുണ്ടായില്ല. അതേസമയം, വലിയ മെ‍ഡലുകളൊന്നും നേടിയില്ലെങ്കിലും തേച്ചുമിനുക്കിയാൽ കനകം തരുന്ന കുറേ കുട്ടികൾ ഈ മേളയിൽ പങ്കെടുത്തിട്ടുണ്ട്. 

അവരൊക്കെ അടുത്ത മേളയിൽ കൂടുതൽ വേഗവും ദൂരവും ഉയരവുമൊക്കെ കണ്ടെത്തുമെന്നു പ്രത്യാശിക്കാം. അതുവരെ, കോഴിക്കോടിന്റെ ആതിഥ്യമാധുര്യമാകട്ടെ ഈ നഗരത്തോടു വിട പറയുന്ന താരങ്ങളുടെ ഓർമയിൽ. 

ഇവരില്ല, ഇനിയൊരു സ്‌കൂള്‍ മീറ്റിന്‌



കെ.ടി നീന
മരിയ ജയ്‌സണ്‍
ഷഹര്‍ബാന സിദ്ധിഖ്‌



എം.ജി. ലിജോ

കോഴിക്കോട്‌: ഓരോ സ്‌കൂള്‍ കായികമേളയും ഒരുപാട്‌ ഉദയങ്ങള്‍ക്കു വേദിയാകാറുണ്‌ട്‌. ട്രാക്കിനെ പ്രണയിച്ച്‌, നേട്ടങ്ങള്‍ വാരിക്കൂട്ടിയവരുടെ പടിയിറക്കവും ഒഴിച്ചുകൂടാനാവത്തതുതന്നെ. സംസ്ഥാന മേളകളില്‍ സ്ഥിരസാന്നിധ്യമായിരുന്ന ഒരുപിടി പ്രതിഭകള്‍ക്കിത്‌ അവസാന മീറ്റായിരുന്നു. പ്രതിഭയുടെ കൈയൊപ്പ്‌ ചാര്‍ത്തി സ്‌കൂള്‍ മീറ്റിനോടു വിടപറഞ്ഞ താരങ്ങള്‍ ഇവരാണ്‌.

കെ.ടി നീന

നടന്നു നടന്നു സ്വര്‍ണങ്ങള്‍ വാരിക്കൂട്ടിയ കെ.ടി. നീനയെന്ന പറളിക്കാരി സ്‌കൂള്‍ മീറ്റിനോടു വിടപറഞ്ഞിരിക്കുന്നു. കഴിഞ്ഞ ഏഴു മീറ്റുകളിലും ദീര്‍ഘദൂര നടത്തമെന്നാല്‍ നീനയായിരുന്നു. അവസാന സംസ്ഥാന മീറ്റിലും അഞ്ചു കിലോമീറ്ററില്‍ സ്വര്‍ണത്തോടെയാണ്‌ പടിയിറക്കം. ജീവിതത്തില്‍ വലിയ സ്വപ്‌നങ്ങള്‍ നടന്നു നേടാനാകുമെന്ന്‌ പഠിപ്പിച്ച സ്‌കൂള്‍ മീറ്റില്‍ ഇനി പങ്കെടുക്കാനാകില്ലെന്നത്‌ നിരാശയുണ്‌ടാക്കുന്നുണ്‌ട്‌. ഇനിയുള്ള മീറ്റുകളിലും ഒരു കായികപ്രേമിയുടെ മനസുമായി ട്രാക്കിനു സമീപത്തുണ്‌ടാകും- നീന പറയുന്നു.

മരിയ ജയ്‌സണ്‍


കോട്ടയത്തിന്റെ രണ്‌ടു സൂപ്പര്‍ താരങ്ങളും സുവര്‍ണനേട്ടത്തോടെയാണ്‌ സ്‌കൂള്‍ മീറ്റിനു തിരശീലയിടുന്നത്‌. റിക്കാര്‍ഡുകളുടെ തോഴി മരിയ ജയ്‌സണ്‍ അവസാന മീറ്റിലും പതിവു തെറ്റിച്ചില്ല. പോള്‍വോള്‍ട്ടില്‍ 6.42 മീറ്റര്‍ ചാടിയാണ്‌ ഈ പാലാക്കാരിയുടെ മടക്കം. തിരുവനന്തപുരത്ത്‌ നടന്ന ആദ്യ മീറ്റ്‌ മുതല്‍ ലക്ഷ്യം തെറ്റാത്ത കാലുകളുമായി ജംപിംഗ്‌ പിറ്റിലെ സജീവ സാന്നിധ്യമായിരുന്നു മരിയ. അടുത്ത വര്‍ഷം മുതല്‍ കോളജ്‌ തലത്തിലേക്കു ചുവടു മാറുന്നതിന്റെ ത്രില്ലിലാണ്‌.

ഡൈബി സെബാസ്റ്റ്യന്‍

ഭരണങ്ങാനത്തിന്റെ കായികപാരമ്പര്യത്തിലേക്കു പൊന്‍തൂവലുകള്‍ കൂട്ടിച്ചേര്‍ത്താണ്‌ ഡൈബി സെബാസ്റ്റ്യനും മടങ്ങുന്നത്‌. റിലേയടക്കം നാലിനങ്ങളില്‍ ട്രാക്കിലിറങ്ങിയെങ്കിലും ഇഷ്ട ഇനമായ 100 മീറ്റര്‍ ഹര്‍ഡില്‍സിലായിരുന്നു ഡൈബി തിളങ്ങിയത്‌. ഹര്‍ഡില്‍സില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്‌ ലക്ഷ്യം. ദേശീയ മീറ്റില്‍ സ്വന്തം നാട്ടുകാര്‍ക്കു മുന്നില്‍ സുവര്‍ണനേട്ടത്തോടെ സ്‌കൂള്‍ മീറ്റിനോടു വിടപറയാനുള്ള ഒരുക്കത്തിലാണ്‌ ഡൈബി.

ഷഹര്‍ബാന സിദ്ധിഖ്‌

ജിസ്‌ന മാത്യുവെന്ന വിസ്‌മയത്തിന്റെ നിഴലിലൊതുങ്ങിയാണ്‌ ഷഹര്‍ബാന സിദ്ധിഖിന്റെ പടിയിറക്കം. 4ത400 മീറ്റര്‍ റിലേ ടീമിനൊപ്പം സ്വര്‍ണം നേടിയതൊഴിച്ചാല്‍ പ്രതിഭയ്‌ക്കൊത്ത പ്രകടനം ഈ കോഴിക്കോട്ടുകാരിയില്‍നിന്നുണ്‌ടായില്ല. ഇഷ്ടയിനമായ 100,200 മീറ്ററുകളിലും പ്രതീക്ഷിച്ച നേട്ടം കൊയ്യാന്‍ ആയതുമില്ല. പൂവമ്പായി എഎംഎച്ച്‌എസ്‌എസിലെ വിദ്യാര്‍ഥിയായ ഷഹര്‍ബാന ഉഷ സ്‌കൂള്‍ അത്‌ലറ്റിക്‌സിന്റെ കണ്‌ടുപിടിത്തമാണ്‌.

പി.ആര്‍. അലീഷ

ഈ മീറ്റിന്റെ ദുരന്തമെന്നു വിശേഷിപ്പിക്കാവുന്ന താരം. ദേശീയ സ്‌കൂള്‍, ജൂണിയര്‍ മീറ്റുകളില്‍ തുടര്‍ച്ചയായി മെഡലുകള്‍ നേടിയിട്ടുള്ള അലീഷയ്‌ക്കു പക്ഷേ, കോഴിക്കോടിന്റെ മണ്ണില്‍ കാലിടറി. മേഴ്‌സിക്കുട്ടന്‍ അക്കാദമിയിലെ താരമായ അലീഷ അനാരോഗ്യം വകവയ്‌ക്കാതെയാണ്‌ മീറ്റിനെത്തിയത്‌. 3000 മീറ്ററില്‍ സി. ബബിതയ്‌ക്കും സാന്ദ്ര എസ്‌. നായര്‍ക്കും പിന്നില്‍ വെങ്കലത്തില്‍ ഒതുങ്ങാനായിരുന്നു വിധി.

ദൈവം തന്ന നേട്ടം: ഷിബി മാത്യു
(കായികാധ്യാപിക, മാര്‍ ബേസില്‍ എച്ച്‌എസ്‌എസ്‌ കോതമംഗലം)


ദൈവം തന്നതാണ്‌ ഈ നേട്ടം. കഴിഞ്ഞവര്‍ഷം ഒരു പോയിന്റിന്‌ നഷ്ടപ്പെട്ട ചാമ്പ്യന്‍ഷിപ്പ്‌ ഇത്തവണ നല്ല ലീഡോടെ നേടാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്‌ട്‌.

പറളി സ്‌കൂള്‍ നല്ല മത്സരം തന്നു. അതുകൊണ്‌ട്‌ കഴിഞ്ഞ വര്‍ഷത്തേതുപോലെ അവസാന നിമിഷം വരെ കാത്തിരിക്കേണ്‌ടിവന്നു. നന്നായി യുദ്ധം ചെയ്യേണ്‌ടിയും വന്നു. വിജയം പ്രതീക്ഷിച്ചു തന്നെയാണു വന്നത്‌. ഒന്നാം സ്ഥാനവും രണ്‌ടാം സ്ഥാനവും കോതമംഗലത്തേക്കു വേണമെന്നായിരുന്നു ആഗ്രഹം.

ഞാന്‍ സ്‌കൂളില്‍ 16-ാമത്തെ വര്‍ഷമാണ്‌. മാനേജ്‌മെന്റ്‌ നല്‍കുന്ന പിന്തുണയാണ്‌ ഞങ്ങളുടെ കരുത്ത്‌.

പിന്നോട്ടുപോയപ്പോഴും മനസു മടുക്കാതെ മാനേജ്‌മെന്റ്‌ കരുത്തായി കൂടെനിന്നു.

നിരാശയില്ല: പി.ജി. മനോജ്‌
(കായികാധ്യാപകന്‍, പറളി എച്ച്‌എസ്‌എസ്‌)

രണ്‌ടാംസ്ഥാനത്തായതില്‍ ഒരു നിരാശയുമില്ല. എല്ലാവര്‍ക്കും ആവേശമാകാന്‍ ഞങ്ങള്‍ക്കു കഴിഞ്ഞില്ലേ. അതുകൊണ്‌ട്‌ സംതൃപ്‌തനാണ്‌. എല്ലാം ദൈവാനുഗ്രഹമാണ്‌.

കൂടുതല്‍ ഇവന്റ്‌ ചെയ്യാന്‍ കഴിയുന്ന താരങ്ങളെ കണെ്‌ടത്താന്‍ എനിക്കു കഴിഞ്ഞു. പരിമിതമായ സാഹചര്യത്തില്‍ കഴിയുന്നത്ര നല്ല പരിശീലനം നല്‍കാന്‍ കഴിഞ്ഞിട്ടുണ്‌ട്‌.

സ്‌കൂളില്‍നിന്ന്‌ ദിവസവും വീട്ടില്‍പ്പോയി വരാവുന്ന ദൂരത്തിലുള്ള കുട്ടികള്‍ മാത്രമേ എന്റെ കൂടെയുള്ളൂ. ഹോസ്റ്റല്‍ സൗകര്യമൊന്നും കൊടുത്തല്ല ഞാന്‍ പരിശീലിപ്പിക്കുന്നത്‌. പുതിയ കുട്ടികളെ കണെ്‌ടത്തുക, അവരെ വളര്‍ത്തിയെടുക്കുക. അതുമാത്രമാണ്‌ ചെയ്യുന്നത്‌. 




ഇവര്‍ പടിയിറങ്ങുന്നു
കോഴിക്കോട് > സ്കൂള്‍ കായികമേളയുടെ ട്രാക്കിലും ഫീല്‍ഡിലും നിറഞ്ഞുനിന്ന ഒരുപിടി താരങ്ങള്‍ വിടവാങ്ങുന്നു. കെ ടി നീന, മരിയ ജെയ്സണ്‍, ജിയോ ജോസ,് ഡൈബി സെബാസ്റ്റ്യന്‍.. ഇനിയും കുറേ പേര്‍. അവര്‍ക്കുമുന്നില്‍ മുന്‍ഗാമികള്‍ കുറിച്ചുവച്ച ഉയരവും ദൂരവും സമയവും തലകുനിച്ചു. ഇനി കാത്തിരിക്കുന്നത്  പുതിയ ഉയരങ്ങളും ദൂരവും സമയവും.
ആറുവര്‍ഷമായി വിവിധ വിഭാഗങ്ങളില്‍ പോള്‍വോള്‍ട്ടില്‍ റെക്കോഡു നേട്ടങ്ങളോടെ സ്വര്‍ണമണിഞ്ഞാണ് കോട്ടയം സെന്റ്മേരീസ് എച്ച്എസ്എസിലെ മരിയ ജെയ്സണ്‍ സംസ്ഥാന സ്കൂള്‍ മേളയോട് വിടപറയുന്നത്. പാലാ ജംപ്സ് അക്കാഡമിയില്‍ കെ പി സതീഷ് കുമാറിന്റെ ശിഷ്യയാണ് ഈ പന്ത്രണ്ടാംക്ളാസുകാരി.
പറളി സ്കൂളിലെ കായികാധ്യാപകനായ പി ജി മനോജിന്റെ കണ്ടെത്തലാണ് കെ ടി നീന. ഏഴാം വര്‍ഷം ഏഴാം സ്വര്‍ണത്തിലേക്ക് മേളയുടെ രണ്ടാംദിനം നീന നടന്നുകയറി. ജൂനിയര്‍ തലത്തില്‍ അഞ്ചും സീനിയര്‍ തലത്തില്‍ രണ്ടും സ്വര്‍ണപതക്കങ്ങള്‍. ഒരു റെക്കോഡ്. ദേശീയ മീറ്റില്‍ ആറില്‍ ആറു സ്വര്‍ണം.
 കഴിഞ്ഞ തവണ വെള്ളിയിലൊതുങ്ങിപ്പോയ പ്രകടനം സ്വര്‍ണത്തിലേക്ക് ചാടിയുയര്‍ത്തിയാണ് ജിയോ ജോസിന്റെ മടക്കം. നോര്‍ത്ത് പറവൂര്‍ ജിഎച്ച്എസ്എസില്‍ പ്ളസ് ടു വിദ്യാര്‍ഥിയാണ് ജിയോ.
പെണ്‍കുട്ടികളുടെ ഹര്‍ഡില്‍സില്‍ എതിരില്ലാത്ത പേരാണ് ഡൈബിയുടെത്. ഭരണങ്ങാനം സെന്റ് മേരീസ് സ്കൂളിവിദ്യാര്‍ഥിനിയാണ് ഡൈബി. കോഴിക്കോട് പൂവമ്പായി എഎംഎച്ച്എസിലെ ഷഹര്‍ബാന സിദ്ദീഖ്, ദേശീയ ജൂനിയര്‍ മീറ്റില്‍ കേരളത്തിനുവേണ്ടി സ്വര്‍ണം നേടിയ സേക്രഡ് ഹാര്‍ട്ട് എച്ച്എസിലെ ആര്‍ അലീഷ എന്നിവരും സ്കൂള്‍ മീറ്റിന്റെ പടിയിറങ്ങുകയാണ്.