Friday, June 23, 2017

ഹോസൂട്ടന്‍ അടുത്ത സീസണില്‍ ബ്ലാസ്‌റ്റേഴ്‌സില്‍ തിരിച്ചെത്തും



കൊച്ചി
മലയാളികളുടെ സ്വന്തം ഹോസൂട്ടന്‍ അടുത്ത സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനായി കളിക്കുമെന്ന്‌ സൂചന. ഒരു ആരാധകന്റെ ട്വീറ്റിന്‌ മറുപടിയായാണ്‌ ഹോസു പ്രിറ്റൊ കുര്യാസ്‌ താന്‍ ബ്ലാസ്‌റ്റേഴ്‌സിലേക്ക്‌ തിരിച്ചു വരുമെന്ന്‌ സൂചന നല്‍കിയത്‌.
സ്‌പാനിഷ്‌ മൂന്നാം ഡിവിഷന്‍ ക്ലബ്ബായ എക്‌സിട്രിമദുര യു.ഡിയുമായി ഹോസു കരാറൊപ്പിട്ടെന്നും ബ്ലാസ്‌റ്റേഴ്‌സിലേക്ക്‌ തിരിച്ചുവരില്ലെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. സ്‌പാനിഷ്‌ ക്ലബ്ബില്‍ കളിക്കുന്ന കാര്യം ഹോസു തന്റെ ട്വിറ്റര്‍ പേജിലൂടെ വ്യക്തമാക്കുകയും ചെയ്‌തിരുന്നു. എന്നാല്‍ ഇതെല്ലാം ഹോസു നിഷേധിച്ചു.
പുതിയ സീസണില്‍ ഹോസുവിനെ മിസ്‌ ചെയ്യുമെന്നായിരുന്നു ആരാധകന്റെ ആദ്യ ട്വീറ്റ്‌. താന്‍ തിരിച്ചു വരില്ലെന്ന്‌ ആരു പറഞ്ഞു എന്നായിരുന്നു ഇതിന്‌ ഹോസുവിന്റെ മറുപടി. താന്‍ സ്‌പാനിഷ്‌ ക്ലബ്ബുമായി കരാറൊപ്പിട്ടിട്ടില്ലെന്നും നിലവില്‍ കളിക്കുന്ന എഫ്‌.സി സിന്‍സിനാറ്റിയില്‍ നിന്ന്‌ ബ്ലാസ്‌റ്റേഴ്‌സിലേക്ക്‌ വരാന്‍ അനുവദിക്കുന്ന തരത്തിലുള്ളതാണ്‌ കരാറെന്നും ഹോസു ചൂണ്ടിക്കാട്ടി.
ബ്ലാസ്‌റ്റേഴ്‌സിനായി 25 മത്സരങ്ങള്‍ കളിച്ച ഹോസു ഒരു ഗോള്‍ നേടുകയും ആറു ഗോളിന്‌ വഴിയൊരുക്കുകയും ചെയ്‌തിട്ടുണ്ട്‌. കഴിഞ്ഞ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ലെഫ്‌റ്റ്‌ ബാക്കില്‍ തിളങ്ങിയ ഹോസുവിന്‌ പക്ഷേ അത്‌ലറ്റിക്കോ ദി കൊല്‍ക്കത്തയ്‌ക്കെതിരായ ഫൈനല്‍ കളിക്കാനായിരുന്നില്ല. ഫൈനലില്‍ കേരളത്തിന്റെ പ്രകടനത്തില്‍ അത്‌്‌ നിഴലിക്കുകയും ചെയ്‌തു.

Friday, June 2, 2017

അണ്ടര്‍ 17 ലോകകപ്പ്‌ വോളണ്ടിയര്‍ പ്രോഗ്രാമില്‍ കൊച്ചി മുന്നില്‍




കൊച്ചി: വേദി ഒരുക്കങ്ങളില്‍ ഏറെ പിന്നിലായെങ്കിലും അണ്ടര്‍17 ലോകകപ്പിന്റെ വോളണ്ടിയര്‍ പ്രോഗ്രാമിനായി കൂടുതല്‍ പേരും തെരഞ്ഞെടുത്തത്‌ കൊച്ചിയെ. കഴിഞ്ഞ 15 വരെ ആകെ 29,358 അപേക്ഷകളാണ്‌ വോളണ്ടിയര്‍ പ്രോഗ്രാമിനായി ലഭിച്ചത്‌. 84 രാജ്യങ്ങളില്‍ നിന്നുള്ള 18 വയസു മുതല്‍ 72 വയസു വരെയുള്ളവര്‍ അപേക്ഷ നല്‍കിയവരിലുണ്ട്‌. അപേക്ഷകരില്‍ 38.27 ശതമാനം പേരും കൊച്ചിയില്‍ സേവനം ചെയ്യാനാണ്‌ താല്‍പര്യം പ്രകടിപ്പിച്ചത്‌. 16.95 ശതമാനം അപേക്ഷകര്‍ ഡല്‍ഹിയെയും 13.69 ശതമാനം പേര്‍ മുംബൈ നഗരത്തെയും വോളണ്ടിയര്‍ പ്രോഗ്രാമിനായി തെരഞ്ഞെടുത്തു. ഡല്‍ഹിയില്‍ നിന്നാണ്‌ ഏറ്റവും കൂടുതല്‍ അപേക്ഷരുള്ളത്‌ (11.83 ശതമാനം). 7925 പേര്‍ ഇവോളണ്ടിയര്‍മാരാവാനാണ്‌ താല്‍പര്യം പ്രകടിപ്പിച്ചത്‌. 
അപേക്ഷരുടെ ആധിക്യം കാരണം രജിസ്‌ട്രേഷന്‍ നടപടികള്‍ ആറു ആഴ്‌ച്ചത്തേക്ക്‌ നിര്‍ത്തിവച്ചതായി ഫിഫ അധികൃതര്‍ അറിയിച്ചു. അണ്ടര്‍17 ലോകകപ്പിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ്‌ വോളണ്ടിയര്‍ പ്രോഗ്രാമിന്‌ ഇത്രയും അപേക്ഷകരുണ്ടാവുന്നത്‌. ആറു വേദികളിലായി നടക്കുന്ന ടൂര്‍ണമെന്റിന്‌ 1500 വോളണ്ടിയര്‍മാരെയാണ്‌ ഫിഫ തെരഞ്ഞെടുക്കുക. പ്രാദേശിക സംഘാടക സമിതിയുടെ (എല്‍.ഒ.സി) നേതൃത്വത്തിലായിരിക്കും വളണ്ടിയര്‍മാരെ തെരഞ്ഞെടുക്കുക. അപേക്ഷകരുടെ ചുരുക്ക പട്ടിക ഉണ്ടാക്കിയ ശേഷം തെരഞ്ഞെടുക്കപ്പെട്ടവരെ അഭിമുഖത്തിന്‌ വിളിക്കും. ഇക്കാര്യം അപേക്ഷകരെ ഇമെയില്‍ വഴി അറിയിക്കും. ടൂര്‍ണമെന്റിന്‌ മുന്നോടിയായി നടക്കുന്ന ഒഫീഷ്യല്‍ ഡ്രോ, ട്രോഫി എക്‌സ്‌പീരിയന്‍സ്‌, മിഷന്‍ ഇലവന്‍ മില്യണ്‍ പ്രോഗ്രാം തുടങ്ങിയവയിലേക്കും അവശേഷിക്കുന്ന അപേക്ഷകരെ വോളണ്ടിയര്‍മാരായി പരിഗണിക്കും. ഫുട്‌ബോള്‍ ടേക്‌സ്‌ ഓവര്‍ എന്നതാണ്‌ രാജ്യം ഇതാദ്യമായി ആതിഥ്യം വഹിക്കുന്ന ഫിഫ അണ്ടര്‍17 ലോകകപ്പിന്റെ മുദ്യാവാക്യം. ഒക്‌ടോബര്‍ 6 മുതല്‍ 28 വരെ കൊച്ചി, കൊല്‍ക്കത്ത, മുംബൈ, ഡല്‍ഹി, ഗുവാഹത്തി, ഗോവ എന്നിവിടങ്ങളിലായാണ്‌ മത്സരങ്ങള്‍.