:
അര്‍ജന്റീന താരം ലയണല്‍ മെസി സ്‌പാനിഷ് ക്ലബായ ബാഴ്‌സലോണ വിടുമെന്ന അഭ്യൂഹങ്ങള്‍ തള്ളി ടീം മാനേജ്‌മെന്റ്. മെസി വിരമിക്കുക ബാഴ്‌സയില്‍ തന്നെയായിരിക്കുമെന്ന് ക്ലബ് പ്രസിഡന്റ് ജോസഫ് മരിയ ബര്‍തൊമിയു. ബാഴ്‌സയുമായുള്ള കരാര്‍ മെസി പുതുക്കാത്തത് ക്ലബ് വിടാനാണെന്ന തരത്തില്‍ നേരത്തെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍, മെസി ബാഴ്‌സയില്‍ തന്നെ തുടരുമെന്ന് വ്യക്തമാക്കുകയാണ് ക്ലബ് പ്രസിഡന്റ്.
ബാഴ്‌സ നായകന്‍ കൂടിയായ മെസി വിരമിക്കുക സ്‌പാനിഷ് ക്ലബില്‍ കളിച്ചുകൊണ്ടായിരിക്കുമെന്ന് ജോസഫ് മരിയ പറഞ്ഞു. ബാഴ്‌സയില്‍ കളിച്ചുകൊണ്ടായിരിക്കും താന്‍ കരിയര്‍ അവസാനിപ്പിക്കുകയെന്ന് മെസി തന്നോട് പറഞ്ഞിട്ടുള്ളതായും അദ്ദേഹം വെളിപ്പെടുത്തി.
"ഇപ്പോള്‍ മറ്റൊന്നിനെ കുറിച്ചും ഞങ്ങള്‍ ആലോചിക്കുന്നില്ല. ക്ലബിന്റെ മികച്ച പ്രകടനം മാത്രമാണ് ലക്ഷ്യം. നിരവധി താരങ്ങള്‍ക്കുവേണ്ടി ഞങ്ങള്‍ വിലപേശല്‍ നടത്തുന്നുണ്ട്. എന്നാല്‍, മെസിക്ക് താല്‍പര്യം ബാഴ്‌സയില്‍ തുടരാനാണ്. അതുകൊണ്ട് തന്നെ മെസിയുടെ കളി ആസ്വദിക്കുന്നത് തുടരാന്‍ ഞങ്ങള്‍ക്ക് സാധിക്കും," ജോസഫ് മരിയ പറഞ്ഞു
അര്‍ജന്റീനയിലെ റൊസാരിയോ പട്ടണത്തില്‍ നിന്ന് 2001ലാണ് ലയണല്‍ മെസി സ്‌പെയിനിലെ ബാഴ്‌സലോണയില്‍ എത്തുന്നത്. തന്റെ 14 വയസില്‍ ലോകത്തെ തന്നെ ഏറ്റവും വലിയ ഫുട്ബോള്‍ ക്ലബ്ബുകളില്‍ ഒന്നിന്റെ ഭാഗമാകാന്‍ മെസിക്ക് സാധിച്ചു. അന്ന് മുതല്‍ ഇന്നുവരെ ബാഴ്‌സയുടെ സിംഹരാജവ് തന്നെയാണ് മെസി. ബാഴ്സലോണ സീനിയര്‍ ടീമിന് വേണ്ടി 480 മത്സരങ്ങള്‍ കളിച്ച മെസി ഇതിനോടകം 441 ഗോളുകളും സ്വന്തമാക്കി. എന്നാല്‍ രണ്ട് പതിറ്റാണ്ടിനോട് അടുക്കുന്ന ബന്ധം മെസി അവസാനിപ്പിക്കാനൊരുങ്ങുന്നതായി ഒരു വാര്‍ത്ത അടുത്ത ദിവസങ്ങളില്‍ ഫുട്ബോള്‍ ലോകത്ത് വലിയ ചര്‍ച്ച വിഷയമാണ്. അടുത്ത വര്‍ഷം മെസിയുടെ കരാര്‍ അവസാനിക്കും. കരാര്‍ പുതുക്കാന്‍ താരം ഇതുവരെ തയ്യാറായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
No comments:
Post a Comment