Tuesday, December 8, 2015

ആകാശത്തോളം പാലയുടെ സ്വന്തം മരിയ


ഒരിക്കല്‍ക്കൂടി തന്റെ പേരിലുള്ള ദേശീയ റെക്കാഡ് തിരുത്തിയാണ് മരിയ സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ സീനിയര്‍ പേണ്‍കുട്ടികളുടെ പോള്‍വാള്‍ട്ടില്‍ പൊന്നണിഞ്ഞത്.

maria jason

ഹൈദരാബാദ്: മരിയയുടെ മനസ്സില്‍ തലയ്ക്കു മുകളിലുള്ള മാനം മാത്രമാണ്. നീലവിരിച്ച് കാത്തുനില്‍ക്കുന്ന മാനത്തെ ഉയരങ്ങള്‍ കീഴടക്കുന്നതിനെ കുറിച്ചു മാത്രമാണ് ഈ പാലക്കാരി പെണ്‍കൊടി സ്വപ്‌നം കണ്ടത്. മരിയയുടെ സ്വപ്‌നമൊന്നും പാഴായില്ല. ശ്രമങ്ങളൊന്നും വിഫലമായില്ല. ദേശീയ റെക്കോഡിനും മീതെ വീണ്ടും ചിറകു വിരിച്ചു പറന്നിരിക്കുകയാണ് പാല സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഈ താരം. ഒരിക്കല്‍ക്കൂടി തന്റെ പേരിലുള്ള ദേശീയ റെക്കാഡ് തിരുത്തിയാണ് മരിയ സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ സീനിയര്‍ പേണ്‍കുട്ടികളുടെ പോള്‍വാള്‍ട്ടില്‍ പൊന്നണിഞ്ഞത്. 3.42 മീറ്ററാണ് മരിയ താണ്ടിയ പുതിയ ദേശീയ സ്‌കൂള്‍ ഗെയിംസ് റെക്കോഡ്. കഴിഞ്ഞ വര്‍ഷം സൃഷ്ടിച്ച 3.40 മീറ്ററാണ് ഈ കുതിപ്പില്‍ പഴങ്കഥയായ ദേശീയ റെക്കോഡ്.
പോള്‍വാള്‍ട്ടില്‍ ഇന്ത്യയുടെ വരും പ്രതീക്ഷയാണ് ഈ പാലാക്കാരി. ദേശീയ സ്‌കൂള്‍ മീറ്റില്‍ തുടര്‍ച്ചയായി അഞ്ചുവര്‍ഷമാണ് മരിയ സ്വര്‍ണം നേടിയത്. കഴിഞ്ഞ ഏഷ്യന്‍ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റില്‍ വെള്ളി നേടിയിട്ടുണ്ട്. ഫെഡറേഷന്‍ കപ്പ് ജൂനിയര്‍ അത്‌ലറ്റിക്‌സില്‍ 3.65 മീറ്റര്‍ ചാടി സ്വര്‍ണം നേടിയ ചരിത്രമുണ്ട് മരിയക്ക്. ലോക സ്‌കൂള്‍ മീറ്റില്‍ അഞ്ചാം സ്ഥാനത്തെത്തിയിട്ടുണ്ട്. സ്വന്തം പോള്‍ വിമാനത്തില്‍ കൊണ്ടുപോകാനാവാതെ കടംവാങ്ങിയ പോളുമായാണ് മരിയ  ബ്രസീലില്‍ നടന്ന ലോക സ്‌കൂള്‍ മീറ്റിന് പോയത്.
പാലാ ജമ്പ്‌സ് അക്കാദമിയിലെ കെ.പി. സതീഷ്‌കുമാറാണ് മരിയയുടെ പരിശീലകന്‍. പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തിന്റെ പണി മുടങ്ങിയപ്പോള്‍ വീട്ടിനടുത്തുള്ള റബ്ബര്‍ തോട്ടത്തിലാണിപ്പോള്‍ മരിയയുടെ പരിശീലനം. കൂട്ടുകാരികളും പരിശീലകന്‍ സതീഷ്‌കുമാറിന്റെ ശിഷ്യകളുമായ വയനാട് പുല്‍പള്ളിക്കാരി ഷാനി ഷാജി, കണ്ണൂര്‍ സ്വദേശി സി.അനശ്വര എന്നിവര്‍ക്കൊപ്പമായിരുന്നു മരിയയുടെ പരിശീലനം. പാല ഏഴാച്ചേരി കരിങ്ങോഴക്കല്‍ ജെയ്‌സന്റെയും നൈസിയുടെയും മകളാണ്

പോള്‍വാള്‍ട്ടില്‍ രണ്ട് ദേശീയ റെക്കോഡ്


മരിയ ജെയ്‌സണും നിവ്യ ആന്റണിയുമാണ് ദേശീയ റെക്കോഡ് തിരുത്തിയത്‌school meet
കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ അത്‌ലറ്റിക് മീറ്റിന്റെ രണ്ടാം ദിനം രണ്ട് ദേശീയ റെക്കോഡും മൂന്ന് മീറ്റ് റെക്കോഡും അടക്കം അഞ്ച് റെക്കോഡുകള്‍. പെണ്‍കുട്ടികളുടെ പോള്‍വാള്‍ട്ടിലാണ് ദേശീയ മീറ്റ് റെക്കോഡുകള്‍ രണ്ടും പിറന്നത്.
സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ പാല സെന്റ് മേരീസ് ഗേള്‍സ് സ്‌കൂളിലെ മരിയ ജെയ്‌സണും ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ പാലക്കാട് കുമരംപുത്തൂര്‍ സ്‌കൂളിലെ നിവ്യ ആന്റണിയുമാണ് പുതിയ ദേശീണ്ട മീറ്റ് റെക്കോഡുകള്‍ സൃഷ്ടിച്ചത്. മരിയ സ്വന്തം പേരിലുള്ള റെക്കോഡ് മെച്ചപ്പെടുത്തുകയായിരുന്നു.
3.42 മീറ്ററാണ് മരിയ താണ്ടിയ പുതിയ ഉയരം. കഴിഞ്ഞ വര്‍ഷം മരിയ തന്നെ സൃഷ്ടിച്ച 3.40 മീറ്റര്‍ എന്ന റെക്കോഡാണ് ഇക്കുറി പഴങ്കഥയായത്. 3.20 മീറ്റര്‍ ചാടിയ തിരുവനന്തപുരം സായിയിലെ അഞ്ജലി ഫ്രാന്‍സിസ് വെള്ളിയും 2.90 മീറ്റര്‍ ചാടിയ പാലക്കാട് കുമരംപുത്തൂര്‍ സ്‌കൂളിലെ ഷാനി ഷാജി വെങ്കലവും നേടി.
3.30 മീറ്റര്‍ ചാടിയാണ് നിവ്യ ആന്റണി പുതിയ റെക്കോഡിട്ടത്. മരിയ ജെയ്‌സണ്‍ കുറിച്ച 3.20 മീറ്ററിന്റെ റെക്കോഡാണ് നിവ്യ തിരുത്തിയത്. 3.15 മീറ്റര്‍ ചാടിയ കോതമംഗലം മാര്‍ ബേസിലിലെ ദിവ്യ മോഹന്‍ വെള്ളിയും 2.60 മീറ്റര്‍ ചാടിയ സോണ ബെണ്ണി വെങ്കലവും നേടി.
സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ ഹൈജമ്പില്‍ പാലക്കാട് പറളി സ്‌കൂളിലെ വകഞ്ഞ ജ്യോതിഷയും ജൂനിയര്‍ പെണ്‍കുട്ടികളുടെ പോള്‍വാള്‍ട്ടില്‍ കോതമംഗലം മാര്‍ ബേസിലിലെ ദിവ്യ മോഹനും സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ ഡിസ്‌ക്കസ് ത്രോയില്‍ നാട്ടിക സ്‌കൂളിലെ പി. എ. അതുല്ല്യയുമാണ് മീറ്റ് റെക്കോഡ് തിരുത്തിയത്.
സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ ഹൈജമ്പില്‍ 1.57 മീറ്റര്‍ ചാടിയാണ് ജ്യോതിഷ മീറ്റ് റെക്കാഡോടെ സ്വര്‍ണം നേടിയത്. ബി. രശ്മിയുടെ 25 വര്‍ഷം പഴക്കമുള്ള 1.25 മീറ്റര്‍ എന്ന റെക്കോഡാണ് ജ്യോതിഷ് തിരുത്തിയത്. വെള്ളി നേടിയ തൃശൂര്‍ പന്നിത്തടം കോണ്‍കോഡ് സ്‌കൂളില കെ. എച്ച് സലീഹയ്ക്ക് 1.45 മീറ്റര്‍ മാത്രമാണ് ചാടാനായത്. ഇതേ ഉയരം ചാടിയ കോതമംഗലം സെന്റ് ജോര്‍ജ് സ്‌കൂളിലെ അഹല്യ മോഹനന്‍ വെങ്കലം നേടി.
സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ ഡിസ്‌ക്കസ് ത്രോയില്‍ 30.35 മീറ്റര്‍ എറിഞ്ഞാണ് പി.എ. അതുല്ല്യ മീറ്റ് റെക്കാഡോടെ സ്വര്‍ണം നേടിയത്. കാല്‍വരി മൗണ്ട് സ്‌കൂളിലെ ആതിര മുരളീധരന്‍ കുറിച്ച 28.19 മീറ്ററിന്റെ റെക്കോഡാണ് അതുല്ല്യ തിരുത്തിയത്. പറളി സ്‌കൂളിലെ സി. ആര്‍. രാഹില വെള്ളിയും മാതിരപ്പിള്ളി സ്‌കൂളിലെ ബ്ലെസ്സി ദേവസ്യ വെങ്കലവും നേടി.

പ്രണവ്, ജിസ്‌ന ഫാസ്റ്റസ്റ്റ്


മീറ്റ് റെക്കോഡ് തിരുത്തിയാണ് ജിസ്‌ന സ്വര്‍ണം നേടിയത്. ഉഷ സ്‌കൂളിലെ തന്നെ ശില്‍പയുടെ റെക്കോഡാണ് ശില്‍പ പഴങ്കഥയാക്കിയത്.

finish
കോഴിക്കോട്: കോതമംഗലം സെന്റ് ജോര്‍ജ് സ്‌കൂളിലെ കെ.എസ്. പ്രണവും കോഴിക്കോട് ഉഷ സ്‌കൂളിലെ ജിസ്‌ന മാത്യുവുമാണ് സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ വേഗമേറിയ താരങ്ങള്‍. സീനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്റര്‍ ഓട്ടത്തില്‍ 10.84 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് പ്രണവ് മീറ്റിലെ ഏറ്റവും വേഗമേറിയ ആണ്‍കുട്ടിയായത്. മലപ്പുറം ഐഡിയല്‍ സ്‌കൂളിലെ അശ്വിന്‍ സണ്ണി വെള്ളിയും (10.87 സെ) തിരുവനന്തപുരം ജി.വി.രാജയിലെ പി. എസ്. സന്ദീപ് (11.18 സെ) വെങ്കലവും നേടി.
12.08 സെക്കന്‍ഡില്‍ ഓടിയെത്തി മീറ്റ് റെക്കോഡ് തിരുത്തിയാണ് സീനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഓട്ടത്തില്‍ പൊന്നണിഞ്ഞത്. ഉഷ സ്‌കൂളിലെ തന്നെ ശില്‍പയുടെ റെക്കോഡാണ് ജിസ്‌ന പഴങ്കഥയാക്കിയത്. 12.46 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ഷഹര്‍ബാന വെള്ളിയും 12.6 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത സയാന വെങ്കലവും നേടി.ഈ നേട്ടത്തോടെ ജിസ്‌ന മീറ്റില്‍ ഡബിള്‍ സ്വര്‍ണം തികച്ചു. ഒന്നാം ദിനം നടന്ന 400 മീറ്റര്‍ ഓട്ടത്തിലും ജിസ്‌ന സ്വര്‍ണം നേടിയിരുന്നു.
ജൂനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്റര്‍ ഓട്ടത്തില്‍ പറളി സ്‌കൂളിലെ ടി.പി. അമല്‍ സ്വര്‍ണം നേടി. സമയം: 11.29 സെക്കന്‍ഡ്. കോതമംഗലം ബാര്‍ ബേസിലിലെ എം.കെ. ശ്രീനാഥ് വെള്ളിയും മലപ്പുറം ഐഡിയല്‍ സ്‌കൂളിലെ മെഹിദി നൂറുദീന്‍ വെങ്കലവും നേടി.
ജൂനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഓട്ടത്തില്‍ നാട്ടിക ഫിഷറീസ് സ്‌കൂളിലെ പി.ഡി.അഞ്ജലി സ്വര്‍ണം നേടി. സമയം: 12.68 സെക്കന്‍ഡ്. മലപ്പുറം കടശ്ശേരി സ്‌കൂളിലെ പി.പി.ഫാത്തിമ വെള്ളിയും എറണാകുളം പെരുമണ്ണൂര്‍ സ്‌കൂളിലെ ലിനെറ്റ് ജോര്‍ജ് വെങ്കലവും നേടി.
സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്റര്‍ ഓട്ടത്തില്‍ അലന്‍ ചാര്‍ളി ചെറിയാന്‍ സ്വര്‍ണം നേടി. സമയം: 12.19 സെക്കന്‍ഡ്. കൊല്ലം അഞ്ചല്‍ വെസ്റ്റ് സ്‌കൂളിലെ പി. ആര്‍. പ്രത്യുഷ് വെള്ളിയും കോതമംഗലം സെന്റ് ജോര്‍ജ് സ്‌കൂളിലെ എം.യു. അഭിജിത്ത് വെങ്കലവും നേടി.
സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഓട്ടത്തില്‍ എറണാകുളം പെരുമണ്ണൂര്‍ സെന്റ് തോമസ് സ്‌കൂളിലെ ഗൗരി നന്ദന സ്വര്‍ണം നേടി (13.44 സെക്കന്‍ഡ്). തിരുവനന്തപുരം സായിയിലെ എം. എസ്. അഞ്ജന വെള്ളിയും കോട്ടയം ഭരണങ്ങാനം സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹോസ്റ്റലിലെ ആന്‍ റോസ് ആന്റണി വെങ്കലവും നേടി.

സാന്ദ്രയും ആശയും ദേശീയ റെക്കോഡ് തിരുത്തി


14:08.38 സെക്കന്‍ഡില്‍ നടന്നെത്തിയാണ് സാന്ദ്ര പുതിയ റെക്കോഡിട്ടത്.
sandra surendran
കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ഒരു ദേശീയ റെക്കോഡ് കൂടി. ജൂനിയര്‍ പെണ്‍കുട്ടികളുടെ മൂന്ന് കിലോമീറ്റര്‍ നടത്തത്തില്‍ പാലക്കാട് കുമരംപുത്തൂര്‍ സ്‌കൂളിലെ സാന്ദ്ര സുരേന്ദ്രനാണ് പുതിയ റെക്കോഡിന് ഉടമ. രണ്ടാം സ്ഥാനത്തെത്തിയ ഇടുക്കി കാല്‍വരി മൗണ്ട് സ്‌കൂളിലെ ആശ സോമനും പഴയ റെക്കോഡ് സമയം മറികടന്നു.

14:08.38 സെക്കന്‍ഡില്‍ നടന്നെത്തിയാണ് സാന്ദ്ര പുതിയ റെക്കോഡിട്ടത്. കേരളത്തിന്റെ തന്നെ കെ.എം.മീഷ്മ പത്ത് വര്‍ഷം മുന്‍പ് കുറിച്ച 14:41.4 സെക്കന്‍ഡിന്റെ റെക്കോഡാണ് സാന്ദ്ര പഴങ്കഥയാക്കിയത്. രണ്ടാം സ്ഥാനത്തെത്തിയ ആശ സോമന്‍ 14:34.40 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് പഴയ റെക്കോഡ് സമയം മറികടന്നു. 15:14.69  സെക്കന്‍ഡില്‍നടന്നെത്തിയ പാലക്കാട് കുമരംപുത്തൂര്‍ സ്‌കൂളിലെ ആതിര ശ്രീധരനാണ് വെങ്കലം.
ജൂനിയര്‍ ആണ്‍കുട്ടികളുടെ അഞ്ച് കിലോമീറ്റര്‍ നടത്തത്തില്‍ പാലക്കാട് പറളി സ്‌കൂളിലെ സി.ടി.നിധേഷ് സ്വര്‍ണം നേടി. സമയം: 23:04.95 സെക്കന്‍ഡ്. അതേ സ്‌കൂളിലെ ഡി.കെ. നിഷാന്ത് വെള്ളിയും മലപ്പുറം തിരുവാലി സ്‌കൂളിലെ പി.പ്രകാശ് വെങ്കലവും നേടി.

അതിര്‍ത്തി കടന്ന ഡബിള്‍


സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ രണ്ട് സ്വര്‍ണമാണ് വാരിഷ് ബോഗിമായൂം എന്ന മണിപ്പൂരുകാരന്‍ നേടിയത്‌

warishകോഴിക്കോട്: എല്ലാ മണിപ്പൂരികളെയുംപോലെ ഫുട്‌ബോളിനോടായിരുന്നു വാരിഷ് ബോഗിമായൂമിനും പ്രണയം. ഫുട്‌ബോള്‍ വിട്ട് ട്രാക്കിലിറങ്ങിയപ്പോള്‍ പലരും നെറ്റി ചുളിച്ചു. വാരിഷ് പക്ഷേ, ആരെയും നിരാശപ്പെടുത്തിയില്ല. മണിപ്പൂരിലെ മാത്രമല്ല, കേരളത്തിലെ ട്രാക്കിലെയും മിന്നും താരമായി വാരിഷ് മാറിയത് പെട്ടന്നാണ്. സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ നിന്ന് രണ്ട് സ്വര്‍ണമാണ് വാരിഷ് സ്വന്തമാക്കിയത്. ജൂനിയര്‍ ആണ്‍കുട്ടികളുടെ 600 മീറ്റര്‍ ഓട്ടത്തിലും 100 മീറ്റര്‍ റിലേയിലുമാണ് കോതമംഗലം സെന്റ് ജോര്‍ജ് സ്‌കൂളിനു വേണ്ടി മണിപ്പൂരിലെ ഫൗബാക്‌ചോ സ്വദേശിയായ വാരിഷ് നേടിയത്.
നാട്ടുകാരനായ മുന്‍ അത്‌ലറ്റ് ചെഷാം സലിമുദ്ദീനില്‍ നിന്നാണ് വാരിഷ് കേരളത്തിലേക്കുള്ള വഴി കണ്ടെത്തിയത്. എം.എസ്.പി. സ്‌കൂളിലെ മുന്‍ ഫുട്‌ബോള്‍ താരം മുഹമ്മദ് സാജിദ് ഖാനും വാരിഷിന്റെ നാട്ടുകാരനാണ്.
ഇംഫാല്‍ വെസ്റ്റ് അണ്ടര്‍-10 ജില്ലാ ടീമില്‍ അംഗമായിരുന്ന വാരിഷ് ബോഗിമായൂം മൂന്ന് വര്‍ഷം മുമ്പാണ് കേരളത്തിലെത്തിയത്. നാലാം ക്ലാസ്സില്‍ കോഴിക്കോട് നല്ലളം കൊളത്തറ അനാഥാലയത്തിലെത്തിയ വാരിഷ് പിന്നീട് കോതമംഗലം സെന്റ് ജോര്‍ജിലെത്തി. സെന്റ് ജോര്‍ജിനായാണ് മണിപ്പൂരി താരം ഇത്തവണ മത്സരിക്കാനിറങ്ങിയത്.
ജൂനിയര്‍ തലത്തില്‍ 400 മീറ്ററിലും ഹര്‍ഡില്‍സിലും വെള്ളി നേടിയ വാരിഷ് 600 മീറ്ററില്‍ സ്വര്‍ണം കണ്ടെത്തി. ജൂനിയര്‍ ആണ്‍കുട്ടികളുടെ 100 റിലേ സ്വര്‍ണം നേടിയ ടീമില്‍ അവസാന ലാപ്പില്‍ കുതിപ്പു നടത്തിയതും വാരിഷ് തന്നെ. റിലേയില്‍ എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് വാരിഷ് ഫിനിഷിങ് ലൈന്‍ കടന്നത്.
ബ്രസീല്‍ താരം നെയ്മറുടെ ആരാധകനായിരുന്നു വാരിഷ്. നേരത്തേ പതിവായി ഫുട്‌ബോള്‍ കളിച്ചിരുന്നെങ്കിലും ഇപ്പോള്‍ അത്‌ലറ്റിക്‌സില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായി ഇഷ്ട ഇനത്തിന് അവധി നല്‍കിയിരിക്കുകയാണ് ഈ ഏഴാം ക്ലാസ്സുകാരന്‍.
വാരിഷിന് ആവശ്യമായ എല്ലാ പ്രോത്സാഹനങ്ങളും നല്‍കുമെന്ന് കോച്ച് രാജു പോളും പറഞ്ഞു. വലിയ ട്രാക്കില്‍ പരിശീലിക്കാനാകാത്തതിന്റെ പരിമിതികള്‍ മറികടന്നാണ് വാരിഷ് ഉജ്ജ്വല പ്രകടനം നടത്തിയതെന്നും പരിശീലകന്‍ വ്യക്തമാക്കുന്നു.
കേരളത്തോടും വാരിഷിന് ഏറെയിഷ്ടം. മൂന്ന് വര്‍ഷമായി കേരളത്തില്‍ താമസിക്കുന്ന വാരിഷ് വെക്കേഷന് മാത്രമാണ് നാട്ടില്‍ പോകാറുള്ളത്. അച്ഛനും അമ്മയും ഒരു സഹോദരനും നാലു സഹോദരിമാരും അടങ്ങുന്നതാണ് വാരിഷിന്റെ കുടുംബം. അച്ഛന്‍ അയൂബ് ഖാന്‍ ഡ്രൈവറാണ്. അമ്മ സൗദാബീവി.
 

ചേട്ടന്മാരെ തോല്‍പിച്ച ട്രിപ്പിള്‍

ajith

കോഴിക്കോട്: അജിത്തിന്റെ പ്രതിഭയ്ക്കു മുന്നില്‍ പ്രായവും വഴിമാറും. സമയപ്രായക്കാരെയല്ല, ചേട്ടന്മാരെ തോല്‍പിച്ചാണ് പറളി സ്‌കൂളിന്റെ പറക്കും താരം സംസ്ഥാന സ്‌കൂള്‍ അത്‌ലറ്റിക്‌സില്‍ ട്രിപ്പില്‍ നേടിയത്.
ആണ്‍കുട്ടികളുടെ ക്രോസ് കണ്‍ട്രിയിലെ സ്വര്‍ണമണിഞ്ഞാണ് പി.എന്‍. അജിത്ത് ട്രിപ്പിള്‍ സ്വര്‍ണം തികച്ചത്. ക്രോസ് കണ്‍ട്രിക്ക് പുറമേ 3000 മീറ്ററിലും 1500 മീറ്ററിലും ഈ പത്താംക്ലാസ്സുകാരന്‍ സ്വര്‍ണം നേടിയിരുന്നു.
14 മിനിറ്റ് 16:10 സെക്കന്‍ഡു കൊണ്ടാണ് അജിത് 5 കിലോമീറ്റര്‍ ക്രോസ് കണ്‍ട്രിയില്‍ ഫിനിഷ് ചെയ്തത്. ജൂനിയര്‍-സീനിയര്‍ വ്യത്യാസമില്ലാത്ത മത്സരത്തില്‍ സീനിയര്‍ താരങ്ങളോട് പൊരുതിയാണ് പറളിയുടെ താരം സുവര്‍ണ നേട്ടം കൊയ്തത്.
കഴിഞ്ഞ വര്‍ഷവും ക്രോസ് കണ്‍ട്രിയില്‍ അജിത് തന്നെയായിരുന്നു ചാമ്പ്യന്‍. 3000 മീറ്ററില്‍ വെള്ളിയും കഴിഞ്ഞ തവണ അജിത് സ്വന്തമാക്കിയിരുന്നു.
ഇത്തവണ മത്സരം കടുത്തതായിരുന്നെന്നും എന്നാല്‍, പ്രതീക്ഷിച്ചതിനേക്കാള്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിഞ്ഞെന്നും അജിത്   പറഞ്ഞു.

അനസിനും അബിതയ്ക്കും ദേശീയ റെക്കോഡ്


ട്രിപ്പിള്‍ ജമ്പില്‍ 15.01 മീറ്റര്‍ ചാടിയാണ് അനസ് നിലവിലെ റെക്കോഡ് തിരുത്തിയത്.

anaa and abitha

കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ വീണ്ടും ദേശീയ റെക്കോഡുകള്‍ ഭേദിക്കപ്പെട്ടു. ജൂനിയര്‍ ആണ്‍കുട്ടികളുടെ ട്രിപ്പിള്‍ ജമ്പില്‍ പറളി സ്‌കൂളിലെ എന്‍. അനസും സീനിയര്‍ പെണ്‍കുട്ടികളുടെ 800 മീറ്ററില്‍ കോഴിക്കോട് പൂവ്വമ്പായി സ്‌കൂളിലെ അബിത മേരി മാന്വലുമാണ് പുതിയ റെക്കോഡിട്ടത്.
ട്രിപ്പിള്‍ ജമ്പില്‍ 15.01 മീറ്റര്‍ ചാടിയാണ് അനസ് നിലവിലെ റെക്കോഡ് തിരുത്തിയത്. മഹാരാഷ്ട്രയുടെ ധിര മിശ്ര 2007ല്‍ കുറിച്ച 14.89 മീറ്ററിന്റെ റെക്കോഡാണ് അനസ് തിരുത്തിയെഴുതിയത്.
പെണ്‍കുട്ടികളുടെ 800 മീറ്ററില്‍ 2:07.77  സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് അബിത പുതിയ റെക്കോഡ് സൃഷ്ടിച്ചത്. കേരളത്തിന്റെ ചിഞ്ചു ജോസ് 2009ല്‍ കൊച്ചിയില്‍ കുറിച്ച 2:09.14 സെക്കന്‍ഡിന്റെ റെക്കോഡാണ് അബിത മറികടന്നത്.
 ജൂനിയര്‍ പെണ്‍കുട്ടികളുടെ ട്രിപ്പിള്‍ ജമ്പില്‍ കോഴിക്കോട് പുല്ലൂരാംപാറ സെന്റ് ജോസഫ്‌സ് സ്‌കൂളിലെ ലിസ്‌ബെത്ത് കരോലിന്‍ ജോസഫ് നിലവിലെ റെക്കോഡിനൊപ്പമെത്തി. 12.12 മീറ്ററാണ് ലിസ്‌ബെത്ത് കുറിച്ച പുതിയ ദൂരം. കോരുത്തോട് സി.കെ.എം.എച്ച്.എസിന്റെ ജെനിമോള്‍ ജോയുടെ പേരിലാണ് നിലവിലെ റെക്കോഡ് (12,12 മീറ്റര്‍).