Friday, December 11, 2015

പാലാ സെന്റ്‌ തോമസും അല്‍ഫോന്‍സയും ചാമ്പ്യന്‍മാര്‍


മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി അത്‌ലറ്റിക്‌ മീറ്റ്‌



കൊച്ചി: മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി അത്‌ലറ്റിക്‌ മീറ്റില്‍ പുരുഷ വിഭാഗത്തില്‍ പാലാ സെന്റ്‌ തോമസും വനിതാ വിഭാഗത്തില്‍ പാലാ അല്‍ഫോന്‍സയും കിരീടമണിഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്‍മാരായ എംഎ കോളജ്‌ കോതമംഗലത്തേയും ചങ്ങനാശേരി അസംപ്‌ഷനേയും കീഴടക്കിയാണ്‌ പാലാ കോളജുകള്‍ ചാമ്പ്യന്‍പട്ടമണിഞ്ഞത്‌. കഴിഞ്ഞ വര്‍ഷം എട്ടു പോയിന്റ്‌ വ്യത്യാസത്തില്‍ സെന്റ്‌ തോമസിനെ കീഴടക്കിയ എംഎ കോളജ്‌ തുടര്‍ച്ചയായി നാലാം തവണയാണ്‌ കിരീടവേട്ടക്കെത്തിയത്‌. അഞ്ചു വര്‍ഷം തുടര്‍ച്ചയായി ചാമ്പ്യന്‍മാരായിരുന്ന ചങ്ങനാശേരി അസംപ്‌ഷനെ 16 പോയിന്റുകള്‍ക്കാണ്‌ അല്‍ഫോന്‍സ പിന്തള്ളിയത്‌. എട്ടു സ്വര്‍ണവും ഏഴു വെള്ളിയും ഏഴു വെങ്കലവുമടക്കം 152 പോയിന്റുകളാണ്‌ സെന്റ്‌ തോമസ്‌ നേടിയത്‌. അഞ്ചു സ്വര്‍ണവും 10 വെള്ളിയും ആറു വെങ്കലവും നേടിയ എംഎ കോളജിന്‌ 136 പോയിന്റുണ്ട്‌. മൂന്നാം സ്ഥാനത്തെത്തിയ എസ്‌ബി ചങ്ങനാശേരിക്ക്‌ നാലു സ്വര്‍ണവും രണ്ടു വെള്ളിയും നാലു വെങ്കലവുമടക്കം 74 പോയിന്റാണുള്ളത്‌. സെന്റ്‌ ഡൊമിനിക്‌ കാഞ്ഞിരപ്പള്ളി 47 പോയിന്റും സിഎംഎസ്‌ കോട്ടയം 33 പോയിന്റും സെന്റ്‌ ആല്‍ബര്‍ട്‌സ്‌ എറണാകുളം 16 പോയിന്റും കോലഞ്ചേരി സെന്റ്‌ പീറ്റേഴ്‌സ്‌ 16 പോയിന്റും നേടി.
വനിതാ വിഭാഗത്തില്‍ 200 പോയിന്റുകളോടെയാണ്‌ അല്‍ഫോന്‍സ കിരീടത്തില്‍ മുത്തമിട്ടത്‌. 13 സ്വര്‍ണവും 9 വെള്ളിയും ഏഴു വെങ്കലവും അവര്‍ നേടി.അസംപ്‌ഷന്‍ അഞ്ചു സ്വര്‍ണവും 11 വെള്ളിയും 13 വെങ്കലവും കരസ്ഥമാക്കി. 184 പോയിന്റുകളാണ്‌ അസംപ്‌ഷനു ലഭിച്ചത്‌. കോതമംഗലം എംഎ കോളജിന്‌ 55 പോയിന്റും കോട്ടയം ബിസിഎം കോളജിന്‌ 12 പോയിന്റും ലഭിച്ചു.
അഞ്ച്‌ മീറ്റ്‌ റിക്കാര്‍ഡുകളാണ്‌ ഇക്കുറി തിരുത്തിക്കുറിച്ചത്‌. എല്ലാ റിക്കാര്‍ഡും അവസാന ദിനമായ ഇന്നെയാണ്‌ പിറന്നതെന്ന പ്രത്യേകതയും ഉണ്ട്‌. വനിതാ വിബാഗത്തില്‍ പോള്‍വാള്‍ട്ടില്‍ അല്‍ഫോന്‍സയിലെ സിഞ്‌ജുപ്രകാശ്‌ പുതിയ റിക്കാര്‍ഡ്‌ സൃഷ്ടിച്ചു. 3.40 മീറ്റര്‍ ഉയരമാണ്‌ സിഞ്‌ജു താണ്ടിയത്‌. ഹെപ്‌റ്റത്തലാണില്‍ 4695 പോയിന്റ്‌ നേടിയ അല്‍ഫോന്‍സയിലെ മറീന ജോര്‍ജ്‌ റിക്കാര്‍ഡിട്ടു. 4-100 മീറ്റര്‍ റിലേയില്‍ അസംപ്‌ഷന്‍ കോളജ്‌ 48.03 ന്റെ പുതിയ സമയം കുറിച്ചു. പുരുഷ വിഭാഗത്തില്‍ ട്രിപ്പിള്‍ജംപില്‍ സെന്റ്‌ തോമസിലെ ഉനൈസ്‌ ഷാഹു പത്തു വര്‍ഷം പഴക്കമുള്ള റിക്കാര്‍ഡ്‌ തകര്‍ത്തു. 15.84 മീറ്ററായിരുന്നു ഉനൈസ്‌ ചാടിയത്‌. 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ കോട്ടയം സിഎംസിലെ ശ്രീകാന്ത്‌.ഡി 52.50 സമയത്തില്‍ ഓടിയെത്തി പുതിയ റിക്കാര്‍ഡ്‌ സൃഷ്ടിച്ചു.
ുന്നു ദിനങ്ങളിലായി നടന്ന മീറ്റിന്‌ ഇന്നലെയാണ്‌ ചുടുപിടിച്ചത്‌. കഴിഞ്ഞ ദിവസങ്ങളില്‍ പുതിയ മീറ്റ്‌ റെക്കോര്‍ഡുകള്‍ ഒന്നും കാണുവാന്‍ കഴിയാതിരുന്നതിന്റെ കുറവ്‌ പരിഹരിച്ചുകൊണ്ട്‌ ഇന്നലെ രാവിലെ രണ്ട്‌ മീറ്റ്‌ റെക്കോര്‍ഡുകള്‍ ട്രാക്കിലും ഫീല്‍ഡിലുമായി പിറന്നു. പുരുഷന്മാരുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ സി.എം.എസ്‌ കോളേജിലെ (കോട്ടയം) ഇ.അനീഷ്‌ റഹ്‌്‌മാന്‍ 2007ല്‍ പി.പി ജോമോന്‍ (ബസേലിയസ്‌ കോളേജ്‌ കോട്ടയം) സ്ഥാപിച്ച 52.52 സെക്കന്റിന്റെ നിലവില്‍ ഉണ്ടായിരുന്ന റെക്കോര്‍ഡ്‌ 52.50 സെക്കന്റ്‌ ആയി മെച്ചപ്പെടുത്തി. ു
പുരുഷന്മാരുടെ ട്രിപ്പിള്‍ ജംപിലാണ്‌ രണ്ടാമത്തെ റെക്കോര്‍ഡ്‌. 2005ല്‍ കോതമംഗലം എം.എ.കോളേജിലെ അനീഷ്‌ പി.കൃഷ്‌ണന്‍ രേഖപ്പെടുത്തിയ 15.52 മീറ്ററിന്റെ നിലവിലുണ്ടായിരുന്ന ദൂരം പാല,സെന്റ്‌ തോമസിലെ എസ്‌.ഉനൈസ്‌ 15.84 മീറ്ററായി ഉയര്‍ത്തി. രണ്ടാം സ്ഥാനത്തുവന്ന എം.എ കോളേജിലെ അബ്ദുള്ള അബൂബക്കറും നിലവിലുണ്ടായിരുന്ന ദൂരം പിന്നിലാക്കി വെല്ലി നേടി. 15.77 മീറ്റര്‍.



ആശ്വാസമായി അവസാന ദിനത്തിലെ റിക്കാര്‍ഡുകള്‍

കൊച്ചി: പങ്കാളിത്തത്തില്‍ ശുഷ്‌കമെന്ന്‌ പഴികേട്ട എംജി യൂണിവേഴ്‌സിറ്റി മീറ്റില്‍ അവസാന ദിനത്തില്‍ അഞ്ചു റിക്കാര്‍ഡുകള്‍ പിറന്നത്‌ കായിക പ്രേമികള്‍ക്ക്‌ ആശ്വാസമായി. കഴിഞ്ഞ മീറ്റില്‍ എട്ടു റിക്കാര്‍ഡുകളാണ്‌ തിരുത്തി കുറിച്ചിരുന്നത്‌. ഇന്നലെ രാവിലെ ട്രിപ്പില്‍ ജംപില്‍ റിക്കാര്‍ഡോടെ സ്വര്‍ണം കണ്ടെത്തിയ പാല സെന്‍റ്‌ തോമസ്‌ കോളിലെ എസ്‌.ഉനൈസ്‌ ആണ്‌ വരള്‍ച്ചക്ക്‌ അറുതിയിട്ട്‌ ആദ്യ റിക്കാര്‍ഡിട്ടത്‌. തുടര്‍ന്ന്‌ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ കോട്ടയം സി.എം.എസ്‌.കോളജിലെ അനീസ്‌ റഹ്മാനും, പോള്‍വാള്‍ട്ടില്‍ പാല അല്‍ഫോണ്‍സാ കോളജിലെ സിഞ്ചു പ്രകാശും, ഹെപ്‌റ്റാത്തലണില്‍ അല്‍ഫോണ്‍സയിലെ തന്നെ മരീന ജോര്‍ജും പുതിയ മീറ്റ്‌ റിക്കാര്‍ഡുകള്‍ കണ്ടെത്തി. 4-100 റിലേയില്‍ മത്സരിച്ച ചങ്ങനാശേരി അസംപ്‌ഷന്‍ കോളജിലെ വനിത താരങ്ങളും പുതിയ റിക്കാര്‍ഡ്‌ സൃഷ്ടിച്ചു.
മലപ്പുറം പൊന്നാനി സ്വദേശിയായ അനീസ്‌ സി.എം.എസ്‌.കോളജില്‍ എം.കോം ഒന്നാം വര്‍ഷം വിദ്യാര്‍ഥിയാണ്‌. പ്രവാസിയായ അബ്ദൂള്‍ റഹ്മാനും ബുഷ്‌റയുമാണ്‌ മാതാപിതാക്കള്‍. 2011ല്‍ കൊച്ചിയില്‍ നടന്ന 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ സ്വര്‍ണം നേടിയ അനീസ്‌ 4-100 മീറ്റര്‍ റിലേയില്‍ വെങ്കലം നേടിയിരുന്നു. 2012 ലക്ക്‌നൗവില്‍ നടന്ന ജൂനിയര്‍ നാഷണലിലും 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ സ്വര്‍ണം നേടിയിരുന്നു. 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ സര്‍വകാലാശാലയില്‍ നാലാം തവണയാണ്‌ സ്വര്‍ണം നേടുന്നത.്‌ അനീസിന്‍െറ സഹോദരന്‍ ഹരീസ്‌ റഹ്മാന്‍ ഇത്തവണ കാലിക്കറ്റ്‌ സര്‍വകലാശാല മീറ്റില്‍ വാക്കിംങില്‍ മൂന്നാം സ്ഥാനം നേടിയിരുന്നു. വിനയചന്ദ്രനാണ്‌ അനീസിന്‍െറ പരിശീലകന്‍.
കണ്ണൂര്‍ ചക്കരകല്ലില്‍ കൂലിപ്പണിക്കാരനായ പ്രകാശന്‍െറ മകളാണ്‌ റിക്കാര്‍ഡ്‌ സ്വന്തമാക്കിയ പോള്‍വാട്ട്‌ താരം സിഞ്ചു പ്രകാശന്‍. 3.40 മീറ്റര്‍ ചാടിയാണ്‌ റിക്കാര്‍ഡിട്ടത്‌. പാല അല്‍ഫോണ്‍സാ കോളജില്‍ ബി.എ ഇക്കണേമികസ്‌ മൂന്നാം വര്‍ഷ വിദ്യാര്‍ഥിയാണ്‌. പാല ജംപ്‌സ്‌ അക്കാദമിയിലെ സതീഷ്‌ കുമാറാണ്‌ പരിശീലകന്‍. കോല്‍ക്കൊത്ത, റാഞ്ചി സ്‌കൂള്‍ മീറ്റുകളിലടക്കം സ്വര്‍ണം നേടിയിട്ടുള്ള സിഞ്ചു ബംഗളുരു, വാറങ്കല്‍ എന്നിവിടങ്ങളില്‍ നടന്ന ജൂനിയര്‍ മീറ്റുകളിലും സ്വര്‍ണം നേടിയിട്ടുണ്ട്‌്‌. ഹെപ്‌റ്റാത്തലനില്‍ റിക്കാര്‍ഡ്‌്‌ സ്വന്തമാക്കിയ മറീന ജോര്‍ജ്ജ്‌ 4695 പോയന്‍റുകളാണ്‌ നേടിയത്‌. ഇടുക്കി വാഴത്തോപ്പ്‌ ഇത്താക്കല്‍ ജോര്‍ജ്‌ തോമസ്‌ ഡെയ്‌സി ദമ്പതികളുടെ മകളാണ്‌. മംഗളുരുവിലും പഞ്ചാബിലും നടന്ന അന്തര്‍സര്‍വ്വകലാശാല മീറ്റുകളില്‍ വെള്ളി നേടിയിരുന്നു. റാഞ്ചി, ബംഗളുരു ജൂനിയര്‍ മീറ്റുകളിലും മറീന വെള്ളി നേടിയിരുന്നു. 4-100 റിലേയില്‍ മത്സരിച്ച കെ. മഞ്‌ജു, ബിജി ഷാജന്‍, കെ.രംഗ എന്നിവരാണ്‌ പുതിയ മീറ്റ്‌ റിക്കാര്‍ഡിന്‌ ഉടമകള്‍. 48.03 സെക്കറിലായിരുന്നു ഇവര്‍ ഓടിയെത്തിയത്‌.


No comments:

Post a Comment