ഇവര്‍ പടിയിറങ്ങുന്നു
കോഴിക്കോട് > സ്കൂള്‍ കായികമേളയുടെ ട്രാക്കിലും ഫീല്‍ഡിലും നിറഞ്ഞുനിന്ന ഒരുപിടി താരങ്ങള്‍ വിടവാങ്ങുന്നു. കെ ടി നീന, മരിയ ജെയ്സണ്‍, ജിയോ ജോസ,് ഡൈബി സെബാസ്റ്റ്യന്‍.. ഇനിയും കുറേ പേര്‍. അവര്‍ക്കുമുന്നില്‍ മുന്‍ഗാമികള്‍ കുറിച്ചുവച്ച ഉയരവും ദൂരവും സമയവും തലകുനിച്ചു. ഇനി കാത്തിരിക്കുന്നത്  പുതിയ ഉയരങ്ങളും ദൂരവും സമയവും.
ആറുവര്‍ഷമായി വിവിധ വിഭാഗങ്ങളില്‍ പോള്‍വോള്‍ട്ടില്‍ റെക്കോഡു നേട്ടങ്ങളോടെ സ്വര്‍ണമണിഞ്ഞാണ് കോട്ടയം സെന്റ്മേരീസ് എച്ച്എസ്എസിലെ മരിയ ജെയ്സണ്‍ സംസ്ഥാന സ്കൂള്‍ മേളയോട് വിടപറയുന്നത്. പാലാ ജംപ്സ് അക്കാഡമിയില്‍ കെ പി സതീഷ് കുമാറിന്റെ ശിഷ്യയാണ് ഈ പന്ത്രണ്ടാംക്ളാസുകാരി.
പറളി സ്കൂളിലെ കായികാധ്യാപകനായ പി ജി മനോജിന്റെ കണ്ടെത്തലാണ് കെ ടി നീന. ഏഴാം വര്‍ഷം ഏഴാം സ്വര്‍ണത്തിലേക്ക് മേളയുടെ രണ്ടാംദിനം നീന നടന്നുകയറി. ജൂനിയര്‍ തലത്തില്‍ അഞ്ചും സീനിയര്‍ തലത്തില്‍ രണ്ടും സ്വര്‍ണപതക്കങ്ങള്‍. ഒരു റെക്കോഡ്. ദേശീയ മീറ്റില്‍ ആറില്‍ ആറു സ്വര്‍ണം.
 കഴിഞ്ഞ തവണ വെള്ളിയിലൊതുങ്ങിപ്പോയ പ്രകടനം സ്വര്‍ണത്തിലേക്ക് ചാടിയുയര്‍ത്തിയാണ് ജിയോ ജോസിന്റെ മടക്കം. നോര്‍ത്ത് പറവൂര്‍ ജിഎച്ച്എസ്എസില്‍ പ്ളസ് ടു വിദ്യാര്‍ഥിയാണ് ജിയോ.
പെണ്‍കുട്ടികളുടെ ഹര്‍ഡില്‍സില്‍ എതിരില്ലാത്ത പേരാണ് ഡൈബിയുടെത്. ഭരണങ്ങാനം സെന്റ് മേരീസ് സ്കൂളിവിദ്യാര്‍ഥിനിയാണ് ഡൈബി. കോഴിക്കോട് പൂവമ്പായി എഎംഎച്ച്എസിലെ ഷഹര്‍ബാന സിദ്ദീഖ്, ദേശീയ ജൂനിയര്‍ മീറ്റില്‍ കേരളത്തിനുവേണ്ടി സ്വര്‍ണം നേടിയ സേക്രഡ് ഹാര്‍ട്ട് എച്ച്എസിലെ ആര്‍ അലീഷ എന്നിവരും സ്കൂള്‍ മീറ്റിന്റെ പടിയിറങ്ങുകയാണ്.