Tuesday, December 8, 2015

ഒളിമ്പ്യന്മാര്‍ക്ക്‌ സ്‌പ്രിന്റ്‌ ഡബിള്‍



കോഴിക്കോട്‌: ഒളിമ്പ്യന്മാരുടെ ശിഷ്യര്‍ സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ സ്‌പ്രിന്റ്‌ ഡബിള്‍ നേടി. പി.ടി. ഉഷയുടെ ശിഷ്യ ജിസ്‌ന മാത്യു, മേഴ്‌സിക്കുട്ടന്റെ ശിഷ്യ ഗൗരിനന്ദന, അനില്‍കുമാറിന്റെ ശിഷ്യന്‍ അലന്‍ ചാര്‍ളി ചെറിയാന്‍ എന്നിവരാണ്‌ 200 മീറ്ററിലും സ്വര്‍ണം നേടിയത്‌. പറളി സ്‌കൂളിലെ ടി.പി. അമലും സ്‌പ്രിന്റില്‍ ഡബിള്‍ തികച്ചു.

നേരത്തേ സീനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്ററില്‍ റിക്കാര്‍ഡോടെ സ്വര്‍ണം നേടിയ കോഴിക്കോട്‌ പൂവമ്പായി സ്‌കൂളിലെ ജിസ്‌ന മാത്യു 200 മീറ്ററിലും നേട്ടം ആവര്‍ത്തിച്ചു.100 മീറ്ററിന്റെ തനിയാവര്‍ത്തനമായ ഫൈനലില്‍ ഇതേ സ്‌കൂളിലെ ഷഹര്‍ബാന സിദ്ദിഖ്‌ വെള്ളിയും പറളി ഹയര്‍സെക്കന്‍ഡറിയിലെ എം.അഞ്‌ജന വെങ്കലവും നേടി.

ആണ്‍കുട്ടികളുടെ 200 മീറ്ററില്‍ തൃശൂര്‍ ആളൂര്‍ ആര്‍എം ഹയര്‍സെക്കന്‍ഡറിയിലെ ലിബിന്‍ ഷിബു സ്വര്‍ണവും മലപ്പുറം കടകശേരി ഐഡിയല്‍ സ്‌കൂളിലെ അശ്വിന്‍ സണ്ണി വെള്ളിയും കുമരംപുത്തൂര്‍ കല്ലടി സ്‌കൂളിലെ വി. മുഹമ്മദ്‌ അജ്‌മല്‍ വെങ്കലവും നേടി. 

ജൂണിയര്‍ ആണ്‍കുട്ടികളുടെ 200 മീറ്ററില്‍ ടി.പി. അമല്‍ 100 മീറ്ററിലെ നേട്ടം ആവര്‍ത്തിച്ചു. കടകശേരി ഐഡിയല്‍ സ്‌കൂളിലെ മെഹിദി നൂറുദീന്‍ വെള്ളിയും എറണാകുളം കാവുങ്കര ടിടിവിഎച്ച്‌എസ്‌എസിലെ അസ്‌കര്‍ അലി വെങ്കലവും സ്വന്തമാക്കി.

പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ സ്‌പ്രിന്റ്‌ ഡബിള്‍ കൊതിച്ചെത്തിയ നാട്ടിക ഫിഷറീസ്‌ സ്‌കൂളിലെ പി.ഡി. അഞ്‌ജലിയെ രണ്‌ടാം സ്ഥാനത്തേക്ക്‌ പിന്തള്ളി പെരുമാനൂര്‍ സെന്റ്‌ തോമസിലെ ലിനറ്റ്‌ ജോര്‍ജ്‌ സ്വര്‍ണം നേടി. മേഴ്‌സിക്കുട്ടന്റെ ശിഷ്യയാണ്‌. തിരുവനന്തപുരം സായിയിലെ കെ.എം. നിബയ്‌ക്കാണ്‌ വെങ്കലം. 100 മീറ്ററില്‍ ലിനറ്റിന്‌ മൂന്നാം സ്ഥാനമായിരുന്നു. 

സബ്‌ ജൂണിയര്‍ ആണ്‍കുട്ടികളില്‍ കൊല്ലം സായിയിലെ അലന്‍ ചാര്‍ളി ചെറിയാന്‍ 200 മീറ്ററിലും 100 മീറ്ററിലെ നേട്ടം ആവര്‍ത്തിച്ചു. കോഴിക്കോട്‌ കൂരാച്ചുണ്‌ട്‌ സെന്റ്‌ തോമസിലെ ടി.കെ. സായൂജ്‌, കോതമംഗലം സെന്റ്‌ ജോര്‍ജിലെ എം.യു. അഭിജിത്ത്‌ എന്നിവര്‍ യഥാക്രമം വെള്ളിയും വെങ്കലവും നേടി.

പെണ്‍കുട്ടികളില്‍ പെരുമാനൂര്‍ സെന്റ്‌ തോമസിലെ ഗൗരിനന്ദന സ്‌പ്രിന്റ്‌ ഡബിള്‍ തികച്ചു. 200 മീറ്ററില്‍ പാലക്കാട്‌ ചെര്‍പ്പുളശേരി ജിഎച്ച്‌എസ്‌എസിലെ സി. ചിത്ര, കടകശേരി ഐഡിയല്‍ സ്‌കൂളിലെ എം.പി. ലിഗ്‌ന എന്നിവരാണ്‌ രണ്‌ടും മൂന്നും സ്ഥാനങ്ങളില്‍.

No comments:

Post a Comment