പറളി ജ്വലിച്ചു, മാര്‍ബേസില്‍ നേടി
കോഴിക്കോട് > ട്രാക്കില്‍ നാലിനങ്ങള്‍ ബാക്കി. അതില്‍ രണ്ടെണ്ണം റിലേ. മാര്‍ബേസില്‍ കൂടാരത്തില്‍ ആശങ്ക. പറളിയും ആകാംക്ഷയോടെ കാത്തിരുന്നു. ജൂനിയര്‍ വിഭാഗം 800 മീറ്റര്‍ മത്സരങ്ങള്‍ക്ക് ട്രാക്കൊരുങ്ങി. പറളിയുടെ പോയിന്റ് നില 86. മാര്‍ബേസിലിന്റേത് 85.
ഒരു വെള്ളിമെഡല്‍ മതിയാകും മാര്‍ബേസിലിന്. രണ്ടിനത്തിലും അവര്‍ക്ക് മെഡല്‍ പ്രതീക്ഷയുണ്ട്. എങ്കിലും കഴിഞ്ഞ തവണത്തെപ്പോലെ അവസാന ഇനത്തില്‍ അട്ടിമറി നടക്കുമോ എന്ന ആശങ്കയായിരുന്നു. പറളിക്ക് രണ്ടിനത്തിലും ആളില്ല. മാര്‍ബേസിലിന് മെഡല്‍ കിട്ടാതിരുന്നാല്‍ മാത്രം അവര്‍ക്ക് ചാമ്പ്യന്‍മാരാകാം.
പെണ്‍കുട്ടികളുടെ 800 മീറ്റര്‍ മത്സരം തുടങ്ങി. അനു തമ്പിയായിരുന്നു മാര്‍ബേസില്‍ കുപ്പായത്തില്‍. രണ്ടാംലാപ്പില്‍ അനുമോള്‍ രണ്ടാം സ്ഥാനത്തേക്ക് കയറി. കോഴിക്കോടിന്റെ അബിത മേരി മാനുവല്‍ ഒന്നാമതായി ദൂരംപൂര്‍ത്തിയാക്കി. പിന്നാലെ അനുമോളും വരകടന്നു. അതുവരെ നിശ്ശബ്ദമായിരുന്ന മാര്‍ബേസില്‍ കൂടാരം പൊട്ടിത്തെറിച്ചു. വര്‍ഷങ്ങളായി അയല്‍ക്കാരായ സെന്റ് ജോര്‍ജ് സ്കൂളിന്റെ നിഴലില്‍ ഒതുങ്ങിപ്പോയ മാര്‍ബേസിലിന്റെ ഗംഭീര തിരിച്ചുവരവായി അത്. അര്‍ഹതപ്പെട്ട നേട്ടവും. നേരിയ വ്യത്യാസത്തില്‍ ചാമ്പ്യന്‍പട്ടം നഷ്ടമായെങ്കിലും പറളിയും ജ്വലിച്ചുനിന്നു. മാര്‍ബേസിലിനേക്കാള്‍ സ്വര്‍ണം കിട്ടിയത് പറളിക്കായിരുന്നു. 12 എണ്ണം. വമ്പന്മാരോട് ഏറ്റുമുട്ടിയാണ് പറളി കയറിവന്നത്. പണക്കൊഴുപ്പിലും താരത്തിളക്കത്തിലും മുന്നിലുള്ള സെന്റ് ജോര്‍ജിനെ അവര്‍ നിഷ്പ്രഭരാക്കി. ആറാം സ്ഥാനത്തേക്കാണ് മുന്‍ ചാമ്പ്യന്മാര്‍ പതിച്ചത്.

കഴിഞ്ഞവര്‍ഷവും 800 മീറ്ററിലാണ് തീരുമാനമായത്. ആണ്‍കുട്ടികളുടെ 800ല്‍ ഒന്നാമതായിരുന്നു മാര്‍ബേസില്‍. പക്ഷേ, ഈയിനത്തില്‍ സെന്റ് ജോര്‍ജിന് വെങ്കലം കിട്ടി. ആ ഒറ്റപ്പോയിന്റ് മാര്‍ബേസിലിന് കണ്ണീരായി. ഇത്തവണ മാര്‍ബേസിലിന് കാലിടറിയില്ല.
ആദ്യദിനങ്ങളില്‍ മങ്ങിനിന്ന പറളി അവസാനദിനങ്ങളില്‍ പുറത്തെടുത്ത വീര്യമായിരുന്നു കിരീടപ്പോരിനെ ത്രസിപ്പിച്ചത്. നാലാംദിനം രണ്ടു തവണ പറളി മുന്നിലെത്തുകയും ചെയ്തു. മൂന്നാംദിനം അവസാനിച്ചപ്പോള്‍ 66 പോയിന്റായിരുന്നു പറളിയുടെ സമ്പാദ്യം. മാര്‍ബേസിലിന് 74ഉം. അവസാനദിനം രാവിലെ മുതല്‍ പറളി മുന്നില്‍ക്കയറി.  ജൂനിയര്‍ ആണ്‍കുട്ടികളുടെ ട്രിപ്പിള്‍ ജമ്പില്‍ ആദ്യ രണ്ടു സ്ഥാനവും നേടിയാണ് പറളി തുടങ്ങിയത്. പിന്നാലെ നടന്ന സീനിയര്‍ പെണ്‍കുട്ടികളുടെ ഹാമര്‍ത്രോയില്‍ പറളിക്ക് വെങ്കലം കിട്ടി. ഇതോടെ ഒരു പോയിന്റ് വ്യത്യാസത്തില്‍ പറളി മുന്നിലെത്തി. ജൂനിയര്‍ പെണ്‍കുട്ടികളുടെ ഹാമര്‍ത്രോയിലും സീനിയര്‍ ആണ്‍കുട്ടികളുടെ 800 മീറ്ററിലും കിട്ടിയ വെള്ളിയുമായി മാര്‍ബേസില്‍ തിരിച്ചെത്തി. അഞ്ചു പോയിന്റിന് മുന്നില്‍.
200 മീറ്റര്‍ മത്സരങ്ങള്‍ തുടങ്ങിയതോടെ പറളി പ്രതീക്ഷയിലായി. സീനിയര്‍ പെണ്‍കുട്ടികളില്‍ മൂന്നാം സ്ഥാനവും ജൂനിയര്‍ ആണ്‍കുട്ടികളില്‍ ഒന്നാം സ്ഥാനവും പറളിക്കായിരുന്നു. ഇതോടെ 81 പോയിന്റുമായി പറളി മാര്‍ബേസിലിനെ മറികടന്നു. വ്യത്യാസം ഒരു പോയിന്റ്. ഉടന്‍ തന്നെ മാര്‍ബേസില്‍ തിരിച്ചെത്തി. ജാവലിന്‍ ത്രോയിലെ ഒന്നാം സ്ഥാനത്തോടെ മാര്‍ബേസില്‍ വീണ്ടും മുന്നില്‍. പറളി വിട്ടുകൊടുത്തില്ല. സീനിയര്‍ പെണ്‍കുട്ടികളുടെ ഹൈജമ്പില്‍ സ്വര്‍ണം നേടി ഒരു പോയിന്റ് ലീഡ് നേടി. പക്ഷേ, 800 മത്സരങ്ങള്‍ തുടങ്ങിയതോടെ  പറളിയുടെ വെല്ലുവിളി അവസാനിച്ചു. മാര്‍ബേസില്‍ കിരീടത്തില്‍ തൊട്ടു.
മുന്‍വര്‍ഷങ്ങളിലെപ്പോലെ ആദ്യദിനംതൊട്ട് മാര്‍ബേസില്‍ കുതിക്കുകയായിരുന്നു. അവസാന നിമിഷങ്ങളില്‍ പതറുന്ന പതിവ് ഇക്കുറി ഉണ്ടായില്ല. 53 താരങ്ങളായിരുന്നു മാര്‍ബേസിലിന്. 30 ആണ്‍കുട്ടികളും 23 പെണ്‍കുട്ടികളും.
ഒമ്പതു സ്വര്‍ണവും 13 വെള്ളിയും ഏഴു വെങ്കലവും നേടി. ബിബിന്‍ ജോര്‍ജും അനുമോള്‍ തമ്പിയും ഇരട്ട റെക്കോഡിട്ടു. ഷിബി മാത്യുവാണ് മാര്‍ബേസിലിന്റെ പരിശീലക. 
പറളിയുടേതും ഒന്നാന്തരം കുതിപ്പായിരുന്നു. ജമ്പിങ് പിറ്റില്‍ അവര്‍ ഏറെ നേട്ടങ്ങളുണ്ടാക്കി. സ്പ്രിന്റില്‍ ഉള്‍പ്പെടെ വമ്പന്‍ സ്കൂളുകളെ മറികടക്കുകയും ചെയ്തു പി ജി മനോജിന്റെ ശിഷ്യന്മാര്‍. സെന്റ് ജോര്‍ജിന്റേത് അവിശ്വസനീയ പതനമായിരുന്നു. കഴിഞ്ഞവര്‍ഷം 83 പോയിന്റാണ് കിട്ടിയത്. ഇക്കുറി 41. 10 സ്വര്‍ണത്തിന്റെ സ്ഥാനത്ത് ഇത്തവണ രണ്ടെണ്ണം മാത്രം.