കോഴിക്കോട് ∙ ടിന്റു ലൂക്കയുടെയും ജെസി ജോസഫിന്റെയും കൈപിടിച്ചാണ് അബിത മേരി മാനുവൽ സ്റ്റാർടിങ് പോയിന്റിലെത്തിയത്. സീനിയർ പെൺകുട്ടികളുടെ 800 മീറ്ററിൽ എതിരാളികളെ മീറ്ററുകളുടെ വ്യത്യാസത്തിൽ പിൻതള്ളി സ്വർണത്തിലേക്ക് മുന്നേറുമ്പോൾ കൈയടിച്ചും സമയമളന്നും ട്രാക്കിന്റെ ഇരുവശങ്ങളിലുമായി അവരുണ്ടായിരുന്നു, രാജ്യാന്തര താരങ്ങളെ സാക്ഷിനിർത്തി, ദേശീയ റെക്കോർഡിനെ മറികടന്ന പ്രകടനത്തോടെ അബിത ഫിനിഷ് ചെയ്തു. സംസ്ഥാന സ്കൂൾ മീറ്റ് 800 മീറ്ററിൽ പത്തുവർഷമായി തുടരുന്ന ഉഷ സ്കൂളിന്റെ ആധിപത്യം അബിതയിലൂടെ ഇത്തവണയും കാത്തു.
കഴിഞ്ഞ ദിവസം 1500 മീറ്ററിലും ദേശീയ റെക്കോർഡിനെ മറികടന്ന് ഓടിയ അബിതയ്ക്ക് ഇതു രണ്ടാം സ്വർണം. 800 മീറ്ററിൽ മുൻഗാമികളായ ടിന്റുവിനും ജെസിക്കുമൊപ്പം പരിശീലിച്ചതാണ് വിജയത്തിനു പിന്നിലെന്ന് അബിത പറയുന്നു. പരിശീലനസമയത്ത് ടിന്റുവിനും ജെസിക്കുമൊപ്പമാണ് അബിതയും ഓടുന്നത്. ഓരോ സീസണിലും ഓടിയെത്താൻ അബിതയ്ക്ക് മുന്നിൽ ചേച്ചിമാരുടെ റെക്കോർഡ‍് ദൂരങ്ങളുമുണ്ടാകും.
പൂവമ്പായി എംഎംഎച്ച്എസ്എസിലെ പ്ലസ്‍വൺ വിദ്യാർഥിയായ അബിത കോഴിക്കോട് കല്ലാനോട് അകപടിയിൽ മാനുവലിന്റെയും ബീനയുടെയും മകളാണ്. ഈ വർഷം സമോവയിൽ നടന്ന കോമൺവെൽത്ത് യൂത്ത് ഗെയിംസിൽ 800 മീറ്ററിൽ വെങ്കലവും നേടി. 2011ലാണ് ഉഷ സ്കൂളിലെത്തിയത്. കഴിഞ്ഞ വർഷത്തെ സ്കൂൾ മീറ്റിൽ ജൂനിയർ വിഭാഗത്തിൽ 800 വിഭാഗത്തിൽ മീറ്റ് റെക്കോർഡോടെ സ്വർണം നേടി.
ജൂനിയർ പെൺകുട്ടികളുടെ 800 മീറ്ററിലും ഉഷാ സ്കൂൾ കരുത്തുകാട്ടി. 2.12.23 മിനിറ്റിൽ ഓടിയെത്തിയ കെ. സ്നേഹയ്ക്കാണ് സ്വർണം. 800 മീറ്ററിൽ സ്നേഹയുടെ ആദ്യപോരാട്ടമായിരുന്നു ഇത്. അതുല്യ വിജയനിലൂടെ മൂന്നാം സ്ഥാനവും ഉഷ സ്കൂൾ നേടി.
No comments:
Post a Comment