Tuesday, December 8, 2015

മിന്നും റാണിയായി അബിത




കോഴിക്കോട്‌: അവസാന ദിനത്തിലെ അന്തിമ മണിക്കൂറുകളില്‍ താരമായത്‌ കോഴിക്കോടിന്റെ അബിത മേരി മാനുവല്‍. രണ്‌ടു മണിക്കൂറിന്റെ ഇടവേളയില്‍ രണ്‌ടു സ്വര്‍ണമാണ്‌ അബിത ഓടിയെടുത്തത്‌. സീനിയര്‍ പെണ്‍കുട്ടികളുടെ 800 മീറ്ററില്‍ ദേശീയ റിക്കാര്‍ഡ്‌ ഭേദിക്കുന്ന പ്രകടനം നടത്തിയപ്പോള്‍ 4-400 മീറ്റര്‍ റിലേയില്‍ അബിതയുടെ കുതിപ്പാണ്‌ കോഴിക്കോടിന്‌ സ്വര്‍ണം ഉറപ്പിച്ചത്‌. ടിന്റു ലൂക്ക അടക്കമുള്ളവര്‍ പ്രകടനം കാണാന്‍ എത്തിയിരുന്നു. 

എതിരാളികള്‍ക്ക്‌ കാര്യമായ അവസരം നല്‌കാതെ 2: 07.7 മിനിറ്റില്‍ ഓടിയെത്തിയ അബിത മറികടന്നത്‌ ജെസി ജോസഫിന്റെ റിക്കാര്‍ഡ്‌ (2:07.8). പാലക്കാട്‌ കുമരംപുത്തൂര്‍ എച്ച്‌എസിലെ സി. ബബിത ശക്തമായ വെല്ലുവിളി ഉയര്‍ത്തിയെങ്കിലും വെള്ളിയില്‍ ഒതുങ്ങേണ്‌ടിവന്നു. തിരുവനന്തപുരം സായിയിലെ അന്‍സ ബാബു (2:12.75) വെങ്കലം നേടി. 

800 മീറ്റര്‍ ഫൈനലിനു തൊട്ടുപിന്നാലെ നടന്ന റിലേ പോരാട്ടത്തെ അവിസ്‌മരണീയമാക്കിയത്‌ അബിതയുടെ പ്രകടനമായിരുന്നു. ആദ്യ ലാപ്പില്‍ ഓടിയ ആല്‍ഫിന റോയ്‌ ആബിതയ്‌ക്കു ബാറ്റണ്‍ കൈമാറുമ്പോള്‍ ഏഴാമതായിരുന്നു കോഴിക്കോട്‌. ഉറപ്പിച്ച സ്വര്‍ണം നഷ്ടമായതിന്റെ നിരാശ കോഴിക്കോട്‌ ക്യാമ്പിലേക്കു പടര്‍ന്ന നിമിഷം. എന്നാല്‍, എതിരാളികളെ ഓരോരുത്തരെയായി മറികടന്ന അബിത പകുതി പിന്നിട്ടതോടെ നാലാമതായി. തന്റെ ലാപ്പ്‌ പൂര്‍ത്തിയാക്കി ബാറ്റണ്‍ ഷഹര്‍ബാനയ്‌ക്കു കൈമാറുമ്പോള്‍ കോഴിക്കോട്‌ രണ്‌ടാംസ്ഥാനത്തെത്തിയിരുന്നു. 

ഷഹര്‍ബാനയ്‌ക്കും അവസാനം ഓടിയ ജിസ്‌നയ്‌ക്കും അബിത നല്‌കിയ ലീഡ്‌ നിലനിര്‍ത്തേണ്‌ടി വന്നതേയുള്ളൂ. ഇന്നലെ കൈയടി ഏറെ കിട്ടിയതും ഈ മെല്ലിച്ച പെണ്‍കുട്ടിക്കു തന്നെ. മികച്ച ഭാവിയുള്ള താരമാണ്‌ അബിതയെന്നും പരിശ്രമിച്ചാല്‍ കൂടുതല്‍ നേട്ടങ്ങള്‍ കൊയ്യാനാകുമെന്നും ടിന്റു ലൂക്കയും അഭിപ്രായപ്പെട്ടു. രണ്‌ടാംദിനം 1500 മീറ്ററിലും ദേശീയ റിക്കാര്‍ഡ്‌ മറികടന്ന പ്രകടനത്തോടെയാണ്‌ ഉഷയുടെ പ്രിയശിഷ്യ സ്വര്‍ണത്തില്‍ മുത്തമിട്ടത്‌. എഎംഎച്ച്‌എസ്‌ പൂവമ്പായിയിലെ പ്ലസ്‌ വണ്‍ വിദ്യാര്‍ഥിനിയാണ്‌. 

സീനിയര്‍ ആണ്‍കുട്ടികളുടെ 800 മീറ്ററില്‍ ഇഞ്ചോടിഞ്ച്‌ പോരാട്ടമാണ്‌ നടന്നത്‌. ട്രിപ്പിള്‍ സ്വര്‍ണം ലക്ഷ്യമിട്ടിറങ്ങിയ കോതമംഗലം മാര്‍ ബേസിലിന്റെ ബിബിന്‍ ജോര്‍ജിന്‌ അപ്രതീക്ഷിത തിരിച്ചടി നേരിട്ടു. 

എച്ച്‌എസ്‌ മൂണ്‌ടൂരിലെ സി.വി. സുഗന്ധകുമാറാണ്‌ ബിബിന്റെ സ്വപ്‌നങ്ങളുടെ വേരറുത്തത്‌. 1:53.55ല്‍ സുഗന്ധ്‌ ഫിനിഷിംഗ്‌ ലൈന്‍ തൊട്ടു. ഒരു സെക്കന്‍ഡിന്റെ വ്യത്യാസത്തിലാണ്‌ ബിബിന്‌ തുടര്‍ച്ചയായ മൂന്നാംവര്‍ഷവും ട്രിപ്പിളെന്ന നേട്ടം നഷ്ടമായത്‌. മലപ്പുറം ഐഡിയല്‍ ഇഎച്ച്‌എസ്‌എസിലെ എ.എസ്‌. ഇര്‍ഷാദിനാണ്‌ വെങ്കലം. 

No comments:

Post a Comment