കോഴിക്കോട്: 3000 മീറ്ററിലും 1500 മീറ്ററിലും സ്വര്‍ണം കൈവിട്ട നിരാശ ആതിര ക്രോസ് കണ്‍ട്രിയില്‍ തീര്‍ത്തു. വെറും 9 മിനിറ്റ് 35:40 സെക്കന്‍ഡ് കൊണ്ട് മൂന്ന് കിലോമീറ്റര്‍ മറികടന്നാണ് കെ.എച്ച്.എസ്. കുമരംപുത്തൂരിന്റെ താരം സുവര്‍ണനേട്ടത്തിലത്തിയത്.
കഴിഞ്ഞ വര്‍ഷം ദേശീയ റെക്കോഡ് മറികടക്കുന്ന പ്രകടനത്തോടെ 3000 മീറ്ററിലും 1500 മീറ്ററിലും സ്വര്‍ണം സ്വന്തമാക്കിയ ആതിരയ്ക്ക് മീറ്റിന്റെ ആദ്യ ദിനങ്ങള്‍ അത്ര ശുഭകരമായിരുന്നില്ല. കഴിഞ്ഞ വട്ടം സ്വര്‍ണം നേടിയ രണ്ട് ഇനങ്ങളിലും താരത്തിന് വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
എന്നാല്‍ അവസാന ദിനം ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. 3000 മീറ്ററില്‍ കൂടുതല്‍ അനായാസമായ സിന്തറ്റിക് ട്രാക്കില്‍ ഓടിയതിനേക്കാള്‍ വേഗത്തിലാണ് ആതിര ക്രോസ് കണ്‍ട്രിയില്‍ ഫിനിഷ് ചെയ്തത്.
3000 മീറ്ററില്‍ 10 മിനിറ്റ് 21:84 സെക്കന്‍ഡിലായിരുന്നു ആതിര ഓടിയെത്തിയത്. ഈയിനത്തില്‍ കഴിഞ്ഞ വര്‍ഷം ആതിര സൃഷ്ടിച്ച റെക്കോഡ് തകര്‍ത്ത് സ്വര്‍ണം നേടിയ അനുമോള്‍ തമ്പി 9 മിനിറ്റ് 41 സെക്കന്‍ഡ് എടുത്തപ്പോള്‍ ക്രോസ് കണ്‍ട്രിയില്‍ ഇതിലും കുറഞ്ഞ സമയത്തിലായിരുന്നു ആതിരയുടെ ഫിനിഷ്.
സംസ്ഥാന കായികമേളയുടെ ആദ്യ ദിനങ്ങളില്‍ പൂര്‍ണമായും ഫിറ്റായിരുന്നില്ല എന്നതാണ് 3000, 1500 മീറ്ററുകളില്‍ പിന്നോട്ടുപോകാന്‍ കാരണമായതെന്ന് ആതിര പറഞ്ഞു. ദേശീയ സ്‌കൂള്‍ കായികമേളയില്‍ മികച്ച പ്രകടനം പുറത്തെടുക്കാനാകുമെന്നാണ് വിശ്വാസമെന്നും താരം പറഞ്ഞു.
ആതിര കഴിവുള്ള താരമാണെന്നും ഭാവിയിലെ പ്രകടനം കൂടി മുന്‍കൂട്ടി കണ്ടാണ് പരിശീലനം നല്‍കുന്നതെന്നും കോച്ച് മനേഷ് പറഞ്ഞു. കഠിനമായ പരിശീലനത്തിനു പകരം കൂടുതല്‍ ദീര്‍ഘകാലം ഫിറ്റ്‌നസ് നിലനിര്‍ത്തി മുന്നോട്ടു പോകുക എന്ന ലക്ഷ്യത്തോടെയാണ് പരിശീലനം നടത്തുന്നതെന്നും അദ്ദേഹം മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.
No comments:
Post a Comment