അതിര്‍ത്തി കടന്ന ഡബിള്‍
സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ രണ്ട് സ്വര്‍ണമാണ് വാരിഷ് ബോഗിമായൂം എന്ന മണിപ്പൂരുകാരന്‍ നേടിയത്
കോഴിക്കോട്: എല്ലാ മണിപ്പൂരികളെയുംപോലെ ഫുട്‌ബോളിനോടായിരുന്നു വാരിഷ് ബോഗിമായൂമിനും പ്രണയം. ഫുട്‌ബോള്‍ വിട്ട് ട്രാക്കിലിറങ്ങിയപ്പോള്‍ പലരും നെറ്റി ചുളിച്ചു. വാരിഷ് പക്ഷേ, ആരെയും നിരാശപ്പെടുത്തിയില്ല. മണിപ്പൂരിലെ മാത്രമല്ല, കേരളത്തിലെ ട്രാക്കിലെയും മിന്നും താരമായി വാരിഷ് മാറിയത് പെട്ടന്നാണ്. സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ നിന്ന് രണ്ട് സ്വര്‍ണമാണ് വാരിഷ് സ്വന്തമാക്കിയത്. ജൂനിയര്‍ ആണ്‍കുട്ടികളുടെ 600 മീറ്റര്‍ ഓട്ടത്തിലും 100 മീറ്റര്‍ റിലേയിലുമാണ് കോതമംഗലം സെന്റ് ജോര്‍ജ് സ്‌കൂളിനു വേണ്ടി മണിപ്പൂരിലെ ഫൗബാക്‌ചോ സ്വദേശിയായ വാരിഷ് നേടിയത്.
നാട്ടുകാരനായ മുന്‍ അത്‌ലറ്റ് ചെഷാം സലിമുദ്ദീനില്‍ നിന്നാണ് വാരിഷ് കേരളത്തിലേക്കുള്ള വഴി കണ്ടെത്തിയത്. എം.എസ്.പി. സ്‌കൂളിലെ മുന്‍ ഫുട്‌ബോള്‍ താരം മുഹമ്മദ് സാജിദ് ഖാനും വാരിഷിന്റെ നാട്ടുകാരനാണ്.
ഇംഫാല്‍ വെസ്റ്റ് അണ്ടര്‍-10 ജില്ലാ ടീമില്‍ അംഗമായിരുന്ന വാരിഷ് ബോഗിമായൂം മൂന്ന് വര്‍ഷം മുമ്പാണ് കേരളത്തിലെത്തിയത്. നാലാം ക്ലാസ്സില്‍ കോഴിക്കോട് നല്ലളം കൊളത്തറ അനാഥാലയത്തിലെത്തിയ വാരിഷ് പിന്നീട് കോതമംഗലം സെന്റ് ജോര്‍ജിലെത്തി. സെന്റ് ജോര്‍ജിനായാണ് മണിപ്പൂരി താരം ഇത്തവണ മത്സരിക്കാനിറങ്ങിയത്.
ജൂനിയര്‍ തലത്തില്‍ 400 മീറ്ററിലും ഹര്‍ഡില്‍സിലും വെള്ളി നേടിയ വാരിഷ് 600 മീറ്ററില്‍ സ്വര്‍ണം കണ്ടെത്തി. ജൂനിയര്‍ ആണ്‍കുട്ടികളുടെ 100 റിലേ സ്വര്‍ണം നേടിയ ടീമില്‍ അവസാന ലാപ്പില്‍ കുതിപ്പു നടത്തിയതും വാരിഷ് തന്നെ. റിലേയില്‍ എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് വാരിഷ് ഫിനിഷിങ് ലൈന്‍ കടന്നത്.
ബ്രസീല്‍ താരം നെയ്മറുടെ ആരാധകനായിരുന്നു വാരിഷ്. നേരത്തേ പതിവായി ഫുട്‌ബോള്‍ കളിച്ചിരുന്നെങ്കിലും ഇപ്പോള്‍ അത്‌ലറ്റിക്‌സില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായി ഇഷ്ട ഇനത്തിന് അവധി നല്‍കിയിരിക്കുകയാണ് ഈ ഏഴാം ക്ലാസ്സുകാരന്‍.
വാരിഷിന് ആവശ്യമായ എല്ലാ പ്രോത്സാഹനങ്ങളും നല്‍കുമെന്ന് കോച്ച് രാജു പോളും പറഞ്ഞു. വലിയ ട്രാക്കില്‍ പരിശീലിക്കാനാകാത്തതിന്റെ പരിമിതികള്‍ മറികടന്നാണ് വാരിഷ് ഉജ്ജ്വല പ്രകടനം നടത്തിയതെന്നും പരിശീലകന്‍ വ്യക്തമാക്കുന്നു.
കേരളത്തോടും വാരിഷിന് ഏറെയിഷ്ടം. മൂന്ന് വര്‍ഷമായി കേരളത്തില്‍ താമസിക്കുന്ന വാരിഷ് വെക്കേഷന് മാത്രമാണ് നാട്ടില്‍ പോകാറുള്ളത്. അച്ഛനും അമ്മയും ഒരു സഹോദരനും നാലു സഹോദരിമാരും അടങ്ങുന്നതാണ് വാരിഷിന്റെ കുടുംബം. അച്ഛന്‍ അയൂബ് ഖാന്‍ ഡ്രൈവറാണ്. അമ്മ സൗദാബീവി.
No comments:
Post a Comment