കോഴിക്കോട്:
കോഴിക്കോട് മെഡിക്കല്‍ കോളജ് ഒളിമ്പ്യന്‍ അബ്ദുറഹ്‌മാന്‍ സ്റ്റേഡിയം ഇതുവരെ ഇത്ര
ഉച്ചത്തിലുള്ള ആര്‍പ്പുവിളികള്‍ക്ക് സാക്ഷ്യംവഹിച്ചിട്ടുണ്‌ടാകില്ല. ആവേശം
കൊടുമുടി കയറിയ മറ്റൊരു മത്സരം ഇതുവരെ ഇവിടെ അരങ്ങേറിയിട്ടുണ്‌ടാവില്ല. സംസ്ഥാന
കായികമേളയുടെ അവസാന ഇനമായ സീനിയര്‍ പെണ്‍കുട്ടികളുടെ 4-400 മീറ്റര്‍ റിലേയിലാണ്
കാണികളെ മുള്‍മുനയില്‍ നിര്‍ത്തിയ ത്രസിപ്പിക്കുന്ന പ്രകടനം അരങ്ങേറിയത്. സിനിമാ
കഥകളെപ്പോലും വെല്ലുന്ന രീതിയിലായിരുന്നു അബിത മേരി മാനുവല്‍ എന്ന
കൊച്ചുമിടുക്കിയുടെ തേരോട്ടം. ആദ്യലാപ്പില്‍ തകര്‍ന്നടിഞ്ഞ്
തോല്‍ക്കുമെന്നുറപ്പിച്ച കോഴിക്കോടിന് പുനര്‍ജീവന്‍ നല്‍കിയത് അബിതയുടെ മിന്നുന്ന
പ്രകടനമായിരുന്നു. ഉഷാ സ്‌കൂളിലെ ഷഹര്‍ബാന സിദ്ദിഖ്, ജിസ്‌ന മാത്യു, അബിത മേരി
മാനുവല്‍, മുക്കം ഓര്‍ഫനേജ് സ്‌കൂളിലെ ഷബ്‌ന ഭാനു എന്നിവരാണ് കോഴിക്കോടിനുവേണ്‌ടി
റിലേയില്‍ മത്സരിച്ചത്. മുക്കം ഓര്‍ഫനേജ് സ്‌കൂളിലെ ഷബ്‌ന ഭാനുവാണ് ആദ്യ
ലാപ്പില്‍ ഓടിയത്.
400 മീറ്റര്‍ ഓടേണ്‌ട ഷബ്‌ന ആദ്യ 200 മീറ്റര്‍
ഓടിയപ്പോഴേക്കും തീര്‍ത്തും അവശയായി. തളര്‍ന്ന് അവശയായ ഷബ്‌ന ബഹുദൂരം പിന്നില്‍
ഏറ്റവും ഒടുവിലായാണ് ഓടിയെത്തിയത്. ആതിഥേയരുടെ റിലേ പോരാട്ടം കാണാന്‍ ഗാലറിയില്‍
തടിച്ചുകൂടിയ ജനങ്ങള്‍ ഇതോടെ ഒന്നടങ്കം നിരാശയില്‍ തലതാഴ്‌ത്തി. ഷബ്‌ന, അബിതാ മേരി
മാനുവലിനാണ് ബാറ്റണ്‍ കൈമാറിയത്. അബിത ബാറ്റണ്‍ വാങ്ങുമ്പോഴേക്കും തിരുവനന്തപുരം
ജില്ലയുടെ താരം രണ്‌ടാം ലാപ്പ് പകുതി പിന്നിട്ടിരുന്നു. അബിത ഓട്ടം തുടങ്ങിയതിനു
ശേഷം എന്താണ് സംഭവിച്ചതെന്ന് കാണികള്‍ക്കുപോലും വിശ്വസിക്കാനായില്ല.
സെക്കന്‍ഡുകള്‍ക്കുള്ളില്‍ എതിരാളികള്‍ ഓരോരുത്തരെയായി അബിത പിറകിലാക്കി
കുതിച്ചുകയറി. കണ്ണ് ചിമ്മിത്തുറക്കുമ്പോഴേക്കും ഏറ്റവും പിറകിലായിരുന്ന അബിത
രണ്‌ടാം സ്ഥാനത്തെത്തി. പിന്നെ ഗാലറിയില്‍ മുഴങ്ങിയത് ആവേശത്തിന്റെ
ആര്‍പ്പുവിളികള്‍. മൂന്നാം ലാപ്പ് ഓടിയത് ഉഷാ സ്‌കൂളിലെ തന്നെ ഷഹര്‍ബാന
സിദ്ദിഖ്. ബാറ്റണ്‍ കൈമാറി നൂറ് മീറ്റര്‍ പിന്നിടുമ്പോഴേക്കും ഷഹര്‍ബാന ഏറ്റവും
മുന്നിലെത്തി. നാലാം ലാപ്പില്‍ ഓടിയത് ദേശീയ താരം ജിസ്‌ന മാത്യു. കൂടുതലൊന്നും
ചിന്തിക്കേണ്‌ടി വന്നില്ല, വെടിമരുന്നിന് തിരികൊളുത്തിയ പ്രതീതി. വെടിയുണ്‌ടയുടെ
വേഗത്തില്‍ എതിരാളികളെ ബഹുദൂരം പിന്നിലാക്കി ജിസ്‌ന നാലാംറൗണ്‌ട് പൂര്‍ത്തിയാക്കി.
നാല് ദിവസങ്ങളിലായി നടന്ന മേളയില്‍ കാണികളെ ഇത്രയധികം ആവേശഭരിതരാക്കിയ
മറ്റൊരു മത്സരവും അരങ്ങേറിയിരുന്നില്ല. പി.ടി. ഉഷ ഉള്‍പ്പെടെയുള്ളവര്‍
ഓടിയെത്തിയാണ് വിജയികളെ സ്വീകരിച്ചത്. തിരുവനന്തപുരത്തിനാണ് രണ്‌ടാം സ്ഥാനം.
പാലക്കാടിന് മൂന്നാം സ്ഥാനംകൊണ്‌ട് തൃപ്‌തിപ്പെടേണ്‌ടിവന്നു. ഇതിനു ശേഷം നടന്ന
സീനിയര്‍ വിഭാഗം ആണ്‍കുട്ടികളുടെ റിലേ മത്സരവും ആവേശം പകരുന്നതായിരുന്നു.
റിക്കാര്‍ഡിന് സെക്കന്‍ഡില്‍ ഒരംശത്തിന്റെ കുറവ്. 3.19.86 എന്ന സമയത്തില്‍ ഓടി
തിരുവനന്തപുരമാണ് സ്വര്‍ണം നേടിയത്. ആലിഫ് നിസാം, അമീഷ് മോഹന്‍, അല്‍ അമീന്‍,
എസ്.ജെ. സഞ്‌ജു എന്നിവരാണ് തിരുവനന്തപുരത്തിനു വേണ്‌ടി ഓടിയത്. മലപ്പുറം
രണ്‌ടും, പാലക്കാട് മൂന്നും സ്ഥാനങ്ങള്‍ നേടി.
മേളയുടെ അവസാന ദിനമായ
ഇന്നലെ രാവിലെയാണ് ജൂണിയര്‍ വിഭാഗം ആണ്‍കുട്ടികളുടെ ഹാമര്‍ ത്രോ അരങ്ങേറിയത്.
സെന്റിമീറ്ററുകളുടെ വ്യത്യാസത്തിലാണ് സ്വര്‍ണനേട്ടം കൈവരിച്ച മുഹമ്മദ് ആഷിഖിന്
റിക്കാര്‍ഡ് നഷ്ടമായത്. എറണാകുളം മാതിരപ്പിള്ളി ഗവ. വിഎച്ച്‌എസ്‌എസിലെ
പത്താംക്ലാസ് വിദ്യാര്‍ഥിയാണ് മുഹമ്മദ് ആഷിഖ്.
പെരിന്തല്‍മണ്ണ പട്ടാണി
മുഹമ്മദ് ഫാറൂഖ്, ഫാത്തിമ സുഹറ ദമ്പതികളുടെ മകനാണ്. സീനിയര്‍ വിഭാഗം
പെണ്‍കുട്ടികളുടെ ഹാമര്‍ത്രോ മത്സരത്തില്‍ എറണാകുളം മാതിരപ്പിള്ളി ഗവ.
വിഎച്ച്‌എസ്‌എസിലെതന്നെ ദീപ ജോഷി സ്വര്‍ണം നേടി. 42.24 മീറ്റര്‍ എറിഞ്ഞായിരുന്നു
ദീപയുടെ വിജയം. കോതമംഗലം സെന്റ് ജോര്‍ജ് എച്ച്‌എസ്‌എസിലെ നിസ്‌റ്റിമോള്‍ക്കാണ്
രണ്‌ടാം സ്ഥാനം. ജൂണിയര്‍ വിഭാഗം പെണ്‍കുട്ടികളുടെ ജാവലിന്‍ ത്രോ മത്സരത്തില്‍
കോതമംഗലം മാര്‍ബേസിലിലെ ദിവ്യ മോഹന്‍ സ്വര്‍ണം നേടി. 32.43 മീറ്റര്‍
എറിഞ്ഞായിരുന്നു ദിവ്യ ഒന്നാമതെത്തിയത്. നാട്ടിക ഫിഷറീസ് എച്ച്‌എസ്‌എസിലെ വി.ഡി.
അഞ്‌ജലിക്കാണ് രണ്‌ടാം സ്ഥാനം.
No comments:
Post a Comment