റെക്കോർഡുകളുടെ പെരുമഴയും ശ്രദ്ധിക്കപ്പെട്ട ഒരുപിടി പ്രകടനങ്ങളുമായാണ് കായിക മേളയ്ക്കു കോഴിക്കോട് വിട നൽകിയത്. ഓർമയിൽ തങ്ങിനിൽക്കുന്ന പല മുഹൂർത്തങ്ങളും മെഡിക്കൽ കോളജ് ഒളിംപ്യൻ റഹ്മാൻ സ്റ്റേഡിയത്തിൽ കുട്ടികൾ കാഴ്ചവച്ചു. മികച്ച സംഘാടനവും കാണികളുടെ പിന്തുണയുമെല്ലാം മേളയുടെ വിജയത്തിനു മാറ്റുകൂട്ടിയെങ്കിലും ചില കാര്യങ്ങൾ ശ്രദ്ധയിൽ പെടുത്തേണ്ടതുണ്ട്.
വ്യക്തമായ മൽസരച്ചട്ടങ്ങൾ തയാറാക്കി സംസ്ഥാന സ്കൂൾ മേള നടത്തേണ്ട കാലം അതിക്രമിച്ചു. അത്തരം ചട്ടങ്ങൾ ഇല്ലാത്തതു മൂലമാണു കഴിഞ്ഞ ദിവസം സബ് ജൂനിയർ പെൺകുട്ടികളുടെ റിലേ മൽസരം വിവാദത്തിൽ കലാശിച്ചത്. അത്‍ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ പിന്തുടരുന്ന മൽസരച്ചട്ടങ്ങൾ സംസ്ഥാന സ്കൂൾ കായിക മേളയ്ക്കും ബാധമാക്കിയാൽ പ്രശ്നങ്ങൾക്കു പരിഹാരമാകും.
ജൂനിയർ മീറ്റിലും മറ്റുമുള്ളതുപോലെ പ്രായത്തിനനുസരിച്ച് കുട്ടികളെ ഒന്നോ രണ്ടോ ഇനത്തിൽ മൽസരപ്പിക്കാൻ കഴിയുമെന്നതാണ് ഇതിന്റെ മെച്ചം. അതുമൂലം കൂടുതൽ കുട്ടികൾക്കു മേളയിൽ പങ്കെടുക്കാനുമാകും. അങ്ങനെ കൂടുതൽ പ്രതിഭകൾക്കു വാതിൽ തുറന്നിടുകയല്ലേ വേണ്ടത്? കുട്ടികളിൽ അമിതഭാരം അടിച്ചേൽപ്പിക്കുന്ന പ്രവണതയ്ക്കും അനാരോഗ്യകരമായ മൽസരങ്ങൾക്കുമൊക്കെ അറുതിയുണ്ടാകും. രാജ്യാന്തര തലത്തിൽ നിലവിലുള്ള ചട്ടങ്ങൾ ചെറുപ്പത്തിലേ പരിചയിക്കുന്നത് കുട്ടിത്താരങ്ങൾക്കു ഭാവിയിൽ ഏറെ സഹായകവുമാകും. എല്ലാത്തിലുമുപരി, കൃത്യതയോടെ മൽസരങ്ങൾ നടത്തുകയെന്ന ഏറ്റവും പ്രധാനമായ കടമ പരാതികൾക്കിടയില്ലാതെ നിർവഹിക്കാനുമാകും.
ജൂനിയർ ട്രിപ്പിൾ ജംപിൽ പറളി സ്കൂളിലെ എൻ. അനസിന്റെ റെക്കോർഡ് പ്രകടനം അഭിനന്ദനാർഹമാണ്. അതേസമയം, കോഴിക്കോട്ടെ കാണികൾ നെഞ്ചിലേറ്റിയ മൽസര ഇനം സീനിയർ പെൺകുട്ടികളുടെ 4–400 മീറ്റർ റിലേ ആണെന്നതിൽ തർക്കമുണ്ടാകില്ല. ഓരോ ഘട്ടത്തിലും ആവേശം കൂടിവരികയായിരുന്നു. കോഴിക്കോട് ജില്ലയ്ക്കു സ്വർണം നേടിക്കൊടുത്ത പ്രകടനത്തിൽ അബിത മേരി മാനുവലിന്റെ പ്രകടനമാണ് എനിക്കേറെ ഇഷ്ടപ്പെട്ടത്. ജിസ്ന മാത്യുവും ഷഹർബാന സിദ്ദിഖും മികച്ച പിന്തുണ കൂടി നൽകിയപ്പോൾ വിദഗ്ധരും കാണികളും ഒരു പോലെ ആ മൽസരം ആസ്വദിക്കുകയും ചെയ്തു. 800 മീറ്ററിൽ അൽപം കൂടി കടുത്ത പോരാട്ടമായിരുന്നെങ്കിൽ മീറ്റ് റെക്കോർഡ് തിരുത്താൻ അബിതയ്ക്കു കഴിയുമായിരുന്നു.
ഈ മീറ്റ് ഓർമിക്കപ്പെടുക ജിസ്ന മാത്യുവിന്റെ നേട്ടങ്ങളുടെ പേരിലായിരിക്കും. മൂന്ന് ഇനങ്ങളിൽ റെക്കോർഡ് നേടി നാല് സ്വർണം സ്വന്തമാക്കിയ ജിസ്ന കുതിപ്പു തുടങ്ങിയിട്ടേയുള്ളൂ. ഒട്ടേറെ റെക്കോർഡ് നേട്ടങ്ങളുണ്ടെങ്കിലും അവയിൽ വിസ്മയിപ്പിക്കുന്ന പ്രകടനങ്ങൾ അധികമുണ്ടായില്ല. അതേസമയം, വലിയ മെഡലുകളൊന്നും നേടിയില്ലെങ്കിലും തേച്ചുമിനുക്കിയാൽ കനകം തരുന്ന കുറേ കുട്ടികൾ ഈ മേളയിൽ പങ്കെടുത്തിട്ടുണ്ട്.
അവരൊക്കെ അടുത്ത മേളയിൽ കൂടുതൽ വേഗവും ദൂരവും ഉയരവുമൊക്കെ കണ്ടെത്തുമെന്നു പ്രത്യാശിക്കാം. അതുവരെ, കോഴിക്കോടിന്റെ ആതിഥ്യമാധുര്യമാകട്ടെ ഈ നഗരത്തോടു വിട പറയുന്ന താരങ്ങളുടെ ഓർമയിൽ.
No comments:
Post a Comment