Friday, December 11, 2015

ഇന്ത്യയ്‌ക്കു വേണ്ടത്‌ ഭാവിയിലേക്കുള്ള ടീം - സ്‌റ്റീഫന്‍ കോണ്‍സ്‌റ്റന്റൈന്‍









കൊച്ചി: ഭാവിയിലേക്കുള്ള ഒരു ടീമിനെയാണ്‌ ഇന്ത്യ വാര്‍ത്തെടുക്കേണ്ടതെന്ന്‌ ഇന്ത്യന്‍ ഫുട്‌ബോള്‍ പരിശീലകന്‍ സ്റ്റീഫന്‍ കോണ്‍സ്‌റ്റന്റൈന്‍ പറഞ്ഞു. സാഫ്‌ ഫുട്‌ബോള്‍ മത്സരത്തിനുള്ള ഇന്ത്യന്‍ ടീമിന്റെ ക്യാമ്പിലെത്തിയ അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു. സാഫ്‌ ഫുട്‌ബോളിനുള്ള ഇന്ത്യന്‍ ടീമില്‍ യുവാക്കള്‍ക്കാണ്‌ പ്രധാന്യം. പരിചയസമ്പന്നരും ക്യാമ്പിലുണ്ട്‌. അഞ്ചു ദിവസത്തെ ക്യാമ്പു കൊണ്ട്‌ കാര്യമായെന്നും ചെയ്യാനില്ലെങ്കിലും അടുത്ത അഞ്ചോ ആറോ വര്‍ഷം മുന്നില്‍ കണ്ടായിരിക്കണം ടീം തെരഞ്ഞെടുപ്പ്‌ എന്നത്‌ പരിഗണിച്ചിട്ടുണ്ട്‌. ഐഎസ്‌എല്‍ രാജ്യത്തിന്റെ ഫുട്‌ബോള്‍ ഭാവിക്ക്‌ എത്രമാത്രം ഉപകരിക്കുമെന്ന ചോദ്യത്തിന്‌ ഐഎസ്‌എലിനെ കുറിച്ച്‌ തനിക്കൊന്നും പറയാനില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഐഎസ്‌എല്‍, ഐ ലീഗ്‌, വമ്പന്‍ ക്ലബ്ബുകള്‍ ഇതിലൊന്നും കളിക്കുന്നവരെയല്ല തെരഞ്ഞെടുത്തിട്ടുള്ളത്‌, അല്ലെങ്കില്‍ ഇത്തരം മേഖലയില്‍ നിന്നു മാത്രമല്ല തെരഞ്ഞെടുപ്പ്‌ എന്നും പറയാം. എല്ലാ മേഖലയില്‍ നിന്നും ക്യാമ്പിലേക്ക്‌ തെരഞ്ഞെടുപ്പ്‌ നടന്നിട്ടുണ്ട്‌. കാമ്പസില്‍ നിന്നും ആര്‍മിയില്‍ നിന്നും കളിക്കാരെ കണ്ടെത്തിയിട്ടുണ്ട്‌. ബംഗാളിയെന്നോ മലയാളിയെന്നോ ഉള്ള പരിഗണനയും ഇല്ല. പരിശീലന സമയത്ത്‌ അവര്‍ എങ്ങിനെ കളിക്കുന്നു എന്നതു മാത്രമാണ്‌ കാര്യം. കഴിവും അര്‍പ്പണ മനോഭാവവുമാണ്‌ വളര്‍ന്നു വരുന്ന കളിക്കാര്‍ക്ക്‌ വേണ്ടത്‌. ജീവിതത്തിലെ സമ്മര്‍ദ്ദങ്ങളെയെല്ലാം നേരിടുന്നതു പോലെ കളിക്കളത്തിലെ സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാനും കഴിയണം. എങ്കിലേ നല്ല കളിക്കാരനായി തീരൂ. ടീമില്‍ ഒരു പ്രത്യേകതയുമില്ലെങ്കില്‍ എങ്ങിനെ നല്ല ടീമുകളുമായി മത്സരിക്കാന്‍ കഴിയും.
ഭാവിയില്‍ ടീമിനു വേണ്ടി അവര്‍ക്ക്‌ എന്തു ചെയ്യാന്‍ സാധിക്കുമെന്ന കണ്ടെത്തലാണ്‌ പരിശീലകന്റെ ചുമതല. എല്ലാ പ്രായക്കാരേയും ടീമിലേക്ക്‌ പരിഗണിക്കണം. ജര്‍മനി, സ്‌പെയിന്‍. ഇംഗ്ലണ്ട്‌ തുടങ്ങിയ രാജ്യങ്ങള്‍ മികച്ച ടീമുകളെ ഇറക്കുന്നത്‌ അവരുടെ രാജ്യത്തുള്ളവരെ മാത്രം ഉള്‍പ്പെടുത്തിയല്ല. വിദേശികളായ നിരവധി പേര്‍ ഓരോ രാജ്യത്തിനു വേണ്ടിയും കളിക്കുന്നുണ്ട്‌. ഇന്ത്യക്കു വേണ്ടി ഇന്ത്യക്കാര്‍ മാത്രമേ കളിക്കുന്നുള്ളു എന്നതാണ്‌ വ്യത്യാസം.
സാഫ്‌ ടൂര്‍ണമെന്റിലെ ഫേവറിറ്റുകളല്ല ഇന്ത്യ. ആതിഥേയരാണെന്ന ആനുകൂല്യം മാത്രമേ ഉള്ളു. അഫ്‌ഘാനിസ്ഥാനും ശ്രീലങ്കയും നേപ്പാളും നല്ല ടീമുകളാണ്‌. കൂടുതല്‍ രാജ്യാന്തര മത്സരങ്ങളില്‍ പങ്കെടുത്ത്‌ പരിചയമുള്ളവരുമാണ്‌ ഈ രാജ്യങ്ങള്‍. അതുകൊണ്ടു തന്നെ കളി കടുപ്പമായിരിക്കും. പക്ഷേ ടീമിനെ എനിക്ക്‌ വിശ്വാസമാണ്‌. മാത്രമല്ല പുതിയ ദേശീയ ടീമിനെ കണ്ടെത്താനുള്ള അവസരം കൂടിയായിരിക്കും ഇതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ആര്‍മിയില്‍ നിന്നുമെത്തിയ മലയാളി താരം ജയിന്‍ പുഞ്ചക്കാടനും മിസോറാം താരം നിക്കോ മിസോളയും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
40 അംഗ ഇന്ത്യന്‍ ടീം ക്യാമ്പില്‍ 32 പേരാണ്‌ ഇതുവരെ എത്തിയിട്ടുള്ളത്‌. 19 കാരനായ കോളജ്‌ വിദ്യാര്‍ഥി കൗശക്‌ സര്‍ക്കാരാണ്‌ ക്യാമ്പിലെ പ്രായം കുറഞ്ഞ അംഗം. റിനോ ആന്റോ, അനസ്‌ തുടങ്ങിയവരാണ്‌ ക്യാമ്പിലെ മലയാളികള്‍. 23 നാണ്‌ തിരുവനന്തപുരത്ത്‌ സാഫ്‌ ഫുട്‌ബോള്‍ ആരംഭിക്കുന്നത്‌.
ഇംഗ്ലണ്ടുകാരനായ സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍്‌ രണ്ടാം തവണയാണ്‌ ദേശീയ ടീമിന്റെ പരിശീലകനാകുന്നത്‌. 2002-05 കാലഘട്ടത്തില്‍ ടീമിനെ പരിശീലിപ്പിച്ചിരുന്ന കോണ്‍സ്റ്റന്റൈന്‍ ടീമിനെ നിരവധി നേട്ടങ്ങളില്‍ എത്തിക്കുകയും ചെയ്‌തിരുന്നു. വിയറ്റ്‌നാമില്‍ നടന്ന എല്‍ജി കപ്പില്‍ ചാമ്പ്യന്‍മാരായതും ആഫ്രോ ഏഷ്യന്‍ കപ്പില്‍ രണ്ടാം സ്ഥാനക്കാരായതും ഈ കാലഘട്ടത്തിലാണ്‌. കഴിഞ്ഞ ലോകകപ്പ്‌ യോഗ്യതാ മത്സരങ്ങളില്‍ ടീമിനെ പരിശീലിപ്പിച്ചിരുന്നത്‌ കോണ്‍സ്റ്റന്റൈന്‍ ആയിരുന്നു. ഇതേ സമയത്തു തന്നെ ഐഎസ്‌എലിന്റെ പ്രാഥമിക ഘട്ടം നടന്നു വരികയായിരുന്നു. ദേശീയ ടീമിലേക്ക്‌ കളിക്കാരെ വിട്ടു നല്‍കാത്തത്തില്‍ ഐഎസ്‌എല്‍ നടത്തിപ്പുകാരുമായി അദ്ദേഹത്തിന്‌ അഭിപ്രായ ഭിന്നതയുമുണ്ടായിരുന്നു.


ഫോട്ടോ അടിക്കുറിപ്പ്‌.
വാര്‍ത്താ സമ്മേളനത്തില്‍ ഇന്ത്യന്‍ ടീം പരിശീലകന്‍ ,കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ്‌ കെ.എം.ഐ. മേത്തര്‍,മലയാളി താരം ജയിന്‍ പുഞ്ചക്കാടനും മിസോറാം താരം നിക്കോ മിസോള എന്നിവരോടൊപ്പം.

No comments:

Post a Comment